പത്ത് വര്‍ഷത്തിനുശേഷം ആദ്യമായാണ് പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ശ്രേയസ് അയ്യരുടുടെ സംഘം ലക്ഷ്യമിടുന്നില്ല.

ജയ്പൂര്‍: ഐ പി എല്ലിൽ ഡൽഹി ഇന്ന് പഞ്ചാബിനെ നേരിടും. രാത്രി ഏഴരയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായി ജയ്പൂരിലാണ് മത്സരം. മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു.

ഈ മത്സരം വീണ്ടും നടത്തുമ്പോൾ, പ്ലേ ഓഫിൽ എത്താതെ പുറത്തായ ഡൽഹി ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്. സീസണിൽ ഡൽഹിയുടെ അവസാന മത്സരമാണിത്. പരിക്കേറ്റ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഇന്നും കളിക്കാനിടയില്ല. അക്സറിന്‍റെ അഭാവത്തില്‍ ഫാഫ് ഡൂപ്ലെസി തന്നെയായിരിക്കും ഇന്നും ഡല്‍ഹിയെ നയിക്കുക. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബിന്‍റെ ലക്ഷ്യം പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്.

പത്ത് വര്‍ഷത്തിനുശേഷം ആദ്യമായാണ് പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ശ്രേയസ് അയ്യരുടുടെ സംഘം ലക്ഷ്യമിടുന്നില്ല. അതിന് ആദ്യം വേണ്ടത് ടോപ് 2വില്‍ ഫിനിഷ് ചെയ്യുക എന്നതാണ്. മത്സരത്തിന് മഴ സാധ്യത ഇല്ലാത്തത് പഞ്ചാബിന് ആശ്വാസമാണ്. പരസ്പരം 34 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഏതാണ്ട് തുല്യനിലയിലാണ്. പഞ്ചാബ് 17 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഡല്‍ഹി 16 കളികളില്‍ ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.

പഞ്ചാബ് കിംഗ്‌സ് സാധ്യതാ ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസൻ, സേവ്യർ ബാർട്ട്‌ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.

ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ഇലവൻ: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അഭിഷേക് പോറെൽ, സമീർ റിസ്‌വി, ട്രിസ്റ്റാൻ സ്റ്റബ്‌സ്, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മാധവ് തിവാരി, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുസ്തഫിസുർ റഹ്മാൻ, ടി നടരാജൻ.