ഈ പരമ്പരയില്‍ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി നേടിയ ജയ്സ്വാള്‍ ഇതുവരെ 22 സിക്സുകളാണ് പറത്തിയത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് പഴങ്കഥയാക്കിയത്.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ പ്രശംസകൊണ്ട് മൂടി ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം അലിസ്റ്റര്‍ കുക്ക്. രാജ്കോട്ടില്‍ രണ്ടാം ഇന്നിംഗ്സില്‍ 12 സിക്സുകള്‍ പറത്തി ലോക റെക്കോര്‍ഡിനൊപ്പമെത്തിയ യശസ്വിയുടെ സിക്സ് പറത്താനുള്ള കഴിവ് അപാരമാണെന്ന് കുക്ക് പറഞ്ഞു.
ഞാനെന്‍റെ ടെസ്റ്റ് കരിയറില്‍ അടിച്ചതിനെക്കാളും സിക്സുകളാണ് യശസ്വി രാജ്കോട്ടില്‍ ഒറ്റ ഇന്നിംഗ്സില്‍ അടിച്ചതെന്ന് കുക്ക് പറഞ്ഞു. ഇന്നലെ 12 സിക്സ് അടിച്ചതോടെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന വസീം അക്രമിന്‍റെ റെക്കോര്‍ഡിന്(12) ഒപ്പം യശസ്വി എത്തിയിരുന്നു. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന താരമെന്ന റെക്കോര്‍ഡും യശസ്വി സ്വന്തമാക്കിയിരുന്നു.
ഈ പരമ്പരയില്‍ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി നേടിയ ജയ്സ്വാള്‍ ഇതുവരെ 22 സിക്സുകളാണ് പറത്തിയത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് പഴങ്കഥയാക്കിയത്.
2006 മുതല്‍ 2018വരെ ഇംഗ്ലണ്ടിനായി കളിച്ച അലിസ്റ്റര്‍ കുക്ക് ടെസ്റ്റില്‍ 33 സെഞ്ചുറികള്‍ ഉള്‍പ്പെടെ 12472 റണ്‍സടിച്ചിട്ടുണ്ട്. ഇതില്‍ 1442 ബൗണ്ടറികളുള്ളപ്പോള്‍ സിക്സുകള്‍ 11 എണ്ണം മാത്രമാണുള്ളത്. ഇതില്‍ മൂന്നെണ്ണം ഇന്ത്യക്കെതിരെ ആയിരുന്നു. ഇന്നലെ അവസാനിച്ച രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് ജയം സ്വന്തമാക്കി പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. 214 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോററായത്.
