രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ അസമിനായി രണ്ടാം ഇന്നിംഗ്‌സില്‍ 87 പന്തില്‍ 155 റണ്‍സടിച്ച് റിയാന്‍ പരാഗ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ യുവതാരം റിയാന‍് പരാഗിന് പരസ്യ പിന്തുണയുമായി രാജസ്ഥാന്‍ റോയല്‍സ് സഹതാരം രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലിലെ പ്രകടനം വച്ച് മാത്രമാണ് പലരും റിയാന്‍ പരാഗിനെ വിമര്‍ശിക്കുന്നതെന്നും ഏറെ കഴിവുകളുള്ള, വളര്‍ന്നുവരുന്ന താരമാണ് പരാഗ് എന്നും അശ്വിന്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്ന താരങ്ങളാണ് റിയാന്‍ പരാഗും ആര്‍ അശ്വിനും. 

രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ അടുത്തിടെ അസമിനായി രണ്ടാം ഇന്നിംഗ്‌സില്‍ 87 പന്തില്‍ 155 റണ്‍സടിച്ച് റിയാന്‍ പരാഗ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പരാഗ് രഞ്ജി ട്രോഫി ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി 56 പന്തില്‍ തന്‍റെ പേരിലാക്കുകയും ചെയ്തു. രഞ്ജിക്ക് മുമ്പ് മുഷ്‌താഖ് അലി ട്രോഫി ട്വന്‍റി 20യിലും പരാഗ് തിളങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ കസറുമ്പോഴും ഐപിഎല്ലിന്‍റെ മുന്‍ സീസണുകളില്‍ ഓവര്‍റേറ്റഡ് താരമെന്ന പഴി മിക്കപ്പോഴും പരാഗ് കേട്ടിരുന്നു. ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ല എന്നാണ് രാജസ്ഥാന്‍ റോയല്‍സ് സഹതാരവും ഏറെ രാജ്യാന്തര മത്സരങ്ങളുടെ പരിചയസമ്പത്തുമുള്ള ഇന്ത്യന്‍ സീനിയര്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പറയുന്നത്. 

'റിയാന്‍ പരാഗിനെ ഓവര്‍ഹൈപ്പ്‌ഡ് ക്രിക്കറ്റര്‍ എന്ന് ഐപിഎല്ലിലെ ബാറ്റിംഗ് വച്ച് സ്ഥിരമായി വിമര്‍ശിക്കുന്നത് കണ്ടിട്ടുണ്ട്. ‌എന്നാല്‍ റിയാന്‍ പരാഗ് ഒരു യുവതാരമാണ് എന്ന് നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. മികവ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന യുവ ക്രിക്കറ്ററാണ് പരാഗ്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കും വിജയ് ഹസാരെയ്ക്കും പിന്നാലെ രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഡിനെതിരെ 155 റണ്‍സടിച്ച് പരാഗ് ടീമിന് നിര്‍ണായക സംഭാവന നല്‍കി. പരാഗ് 87 പന്തിലാണ് 155 റണ്‍സ് നേടിയത്. ട്വന്‍റി 20 ടീമില്‍ സ്ഥാനം നിലനിര്‍ത്താനായല്ല, സാഹചര്യത്തിന് അനുകൂലമായാണ് പരാഗ് കളിക്കുന്നത്. സഹ ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയപ്പോഴായിരുന്നു രഞ്ജിയില്‍ റിയാന്‍ പരാഗിന്‍റെ ഗംഭീര ഇന്നിംഗ്‌സ്' എന്നും രവിചന്ദ്രന്‍ അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം ഐപിഎല്‍ 2024 സീസണില്‍ റിയാന്‍ പരാഗ് തുടരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലാണ് പരാഗ് കളിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 78 റണ്‍സ് മാത്രം നേടിയത് പരാഗിനെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഐപിഎല്‍ 2023ല്‍ 20 റണ്‍സായിരുന്നു താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍. 

Read more: സഞ്ജു കണ്ട് പഠിക്കണം ശിഷ്യനെ, രഞ്ജിയിൽ 87 പന്തില്‍ 155 റണ്‍സടിച്ച് റിയാൻ പരാഗ്; എന്നിട്ടും അസം തോറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം