ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായകമായത് ബൗളർമാരുടെ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ തനയ് ത്യാഗരാജനും (6/52) 2 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് (2/19) ത്രിപുരയെ തകർത്തത്.
മുംബൈ: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തുടക്കം കുറിച്ച് മുൻ ചാമ്പ്യന്മാരായ മുംബൈയും ഹൈദരാബാദും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിൽ ചണ്ഡീഗഡിനെ ഇന്നിംഗ്സിനും 155 റൺസിനുമാണ് മുംബൈ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ (എലൈറ്റ് ഗ്രൂപ്പ് ബി) ത്രിപുരയെ ഇന്നിംഗ്സിനും 40 റൺസിനും തകർത്ത് ഹൈദരാബാദും ഗംഭീര വിജയം ആഘോഷിച്ചു.
ചണ്ഡീഗഡിനെ കശക്കിയെറിഞ്ഞ് മുംബൈ
വാംഖഡെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാം ഇന്നിംഗ്സിൽ 429 റൺസ് അടിച്ചുകൂട്ടി. നായകൻ സിദ്ധേഷ് ലാഡ് (86), മുഷീർ ഖാൻ (65), തനുഷ് കോട്ടിയാൻ (58), മോഹിത് അവസ്തി (56*) എന്നിവരുടെ അർദ്ധസെഞ്ചുറികളാണ് മുംബൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 78 റൺസിൽ അവസാനിച്ചു. 351 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഫോളോ ഓൺ ചെയ്ത ചണ്ഡീഗഡ് രണ്ടാം ഇന്നിംഗ്സിൽ 196 റൺസിന് പുറത്താവുകയായിരുന്നു. മുംബൈയ്ക്കായി ഷംസ് മുലാനിയും തനുഷ് കോട്ടിയാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ ചുരുക്കത്തിൽ: മുംബൈ: 429. ചണ്ഡീഗഡ്, 78,196.
ത്രിപുരയെ തളച്ച് തനയ് ത്യാഗരാജ്
ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായകമായത് ബൗളർമാരുടെ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ തനയ് ത്യാഗരാജനും (6/52) 2 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് (2/19) ത്രിപുരയെ തകർത്തത്. ആദ്യ ഇന്നിംഗ്സില്‍ 134 റൺസിന് പുറത്തായ ത്രിപുരക്കെതിരെ ഹൈദരാാബദ് ഒന്നാം ഇന്നിംഗ്സില്‍ 294 റണ്‍സെടുത്തു. ത്രിപുരയുടെ രണ്ടാം ഇന്നിംഗ്സ് 120 റൺസിൽ അവസാനിച്ചു. സ്കോർ: ത്രിപുര 134,120, ഹൈദരാബാദ് 294.
