ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം ലഭിക്കാതിരുന്ന ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വിദേശ പരമ്പരകളില്‍ ഇന്ത്യക്ക് ആശ്രയിക്കുന്ന ബൗളറല്ല ഇനി അശ്വിനെന്ന് ഹര്‍ഭജന്‍ പറഞ്ഞു. വിദേശ പരമ്പരകളില്‍ അശ്വിന്‍ മുമ്പും തീര്‍ത്തും നിറം മങ്ങിയിട്ടുണ്ട്. 2018ല്‍ ഇംഗ്ലണ്ടിനെതിരായ സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ സ്പിന്നറായ മോയിന്‍ അലി ഒമ്പത് വിക്കറ്റെടുത്ത പിച്ചില്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് മാത്രമാണെടുത്തത്. രണ്ടുപേരും ഫിംഗര്‍ സ്പിന്നര്‍മാരാണ്. എന്നിട്ടും അശ്വിന് തിളങ്ങാനായില്ല.

ഇതുകൊണ്ടൊക്കെയാവാം വിദേശ പരമ്പരകളില്‍ അശ്വിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ ടീം മാനേജ്മെന്റ് മടിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിനുശേഷം അശ്വിന് പരിക്കേറ്റിരുന്നു.പരിക്ക് ഭേദമാവുമെന്ന് കരുതി ടീമില്‍ നിലനിര്‍ത്തിയെങ്കിലും അശ്വിന്റെ പരിക്ക് ഭേദമായില്ല. ആദ്യ ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ടീ മാനേജ്മെന്റിന്റെ മുന്നിലുണ്ടാകും. സിഡ്നി ടെസ്റ്റിനുശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റാണ് ആന്റിഗ്വയിലേതെന്ന് മറക്കരുതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ആന്റിഗ്വ ടെസ്റ്റില്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയ ടീം മാനേജ്മെന്റിന്റെ നടപടിക്കെതിരെ നേരത്തെ സുനില്‍ ഗവാസ്കര്‍ രംഗത്തുവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിലും ബൗളിംഗലും മികച്ച റെക്കോര്‍ഡുള്ള അശ്വിനെ ഒഴിവാക്കിയത് മണ്ടത്തരമാണെന്ന് ഗവാസ്കര്‍ പറഞ്ഞിരുന്നു. ടെസ്റ്റ് കരിയറില്‍ നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള അശ്വിന്‍ നാലും നേടിയത് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു. വിന്‍ഡീസിനെതിരെ  11 കളികളില്‍ നിന്ന് 21.85 ശരാശരിയില്‍ 60 വിക്കറ്റും അശ്വിന്‍ നേടിയിട്ടുണ്ട്.