ഗ്രൗണ്ടിന് പുറത്തുള്ള ആരാധകരോഷവും ഹാര്‍ദ്ദിക്കിനെ ശരിക്കും ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അത് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ മുംബൈക്ക് വലിയ തിരിച്ചടിയാകും.
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വീണ്ടും വിമര്‍ശനമുയരുന്നു. ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക്കിനെ ധോണി തുടര്‍ച്ചയായി മൂന്ന് സിക്സിന് പറത്തിയിരുന്നു. നാലു പന്തില്‍ ധോണി 20 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മുബൈ തോറ്റതും 20 റണ്‍സിനായിരുന്നു.
ഗ്രൗണ്ടില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഹാര്‍ദ്ദിക് ശരിക്കും പരാജയമായിരുന്നുവെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു. ടീം മീറ്റിംഗിലെ പ്ലാന്‍ എ ആയുമാണ് ഹാര്‍ദ്ദിക് ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ പേസര്‍മാര്‍ക്കെതിരെ ചെന്നൈ ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ സ്പിന്നര്‍മാരെ കൊണ്ട് പന്തെറിയിപ്പിക്കാനുള്ള പ്ലാന്‍ ബി പോലും ഹാര്‍ദ്ദിക് നടപ്പാക്കിയില്ല. കമന്‍ററിക്കിടെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ പോലും പറഞ്ഞത് ദയവു ചെയ്ത് സ്പിന്നര്‍മാരെക്കൊണ്ട് എറിയിക്കൂ എന്നതായിരുന്നു.
ഗ്രൗണ്ടിന് പുറത്തുള്ള ആരാധകരോഷവും ഹാര്‍ദ്ദിക്കിനെ ശരിക്കും ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അത് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ മുംബൈക്ക് വലിയ തിരിച്ചടിയാകും. ഹാര്‍ദ്ദിക്ക് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ അഭിനയിച്ചു തകര്‍ക്കുകയാണ്. ടോസ് സമയത്തെല്ലാം ഭയങ്കര ചിരിയായിരുന്നു. ഹാര്‍ദ്ദിക് സന്തോഷവനാണെന്ന് പുറമെ കാണിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. അയാള്‍ ഒട്ടും സന്തോഷവാനല്ലെന്ന് കണ്ടാല്‍ മനസിലാവും. ഞാനാണെങ്കിലും ഈ അവസ്ഥയില്‍ ഒരിക്കലും സന്തോഷത്തോടെ ഇരിക്കാനാവില്ല. ഹാര്‍ദ്ദിക്കിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല.
ഹാര്‍ദ്ദിക്കിനെ ധോണി തുടര്‍ച്ചയായി സിക്സുകള്‍ പറത്തമ്പോള്‍ ആരാധകര്‍ സന്തോഷിക്കുകായാണ്. അത് അയാളെ വേദനിപ്പിക്കുന്നുണ്ട്. അയാളൊരു ഇന്ത്യന്‍ താരമാണ്. അയാളോട് ആരാധകര്‍ ഒരിക്കലും ഇത്തരത്തില്‍ പെരുമാറരുത്. കാണികളുടെ മോശം പെരുമാറ്റം തുടരുന്നിടത്തോളം അത് അയാളുടെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണ്. അത് തടയാന്‍ എന്തെങ്കിലും ചെയ്തേ പറ്റൂവെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.
