കഴിഞ്ഞ മത്സരത്തില്‍ 4 വിക്കറ്റെടുത്ത ബൗളറാണ് സുന്ദര്‍. എന്നിട്ടും അവനെ ഈ ടെസ്റ്റില്‍ പന്തെറിയാന്‍ വിളിക്കുന്നത് 67-69 ഓവറുകളിലാണ്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. മൂന്നാം ദിനം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനെക്കൊണ്ട് 67-ാം ഓവര്‍ വരെ പന്തെറിയിക്കാതിരുന്നതാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്. പിന്നീട് പന്തെറിയാനെത്തിയ സുന്ദര്‍ ഒല്ലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ 4 വിക്കറ്റെടുത്ത ബൗളറാണ് സുന്ദര്‍. എന്നിട്ടും അവനെ ഈ ടെസ്റ്റില്‍ പന്തെറിയാന്‍ വിളിക്കുന്നത് 67-69 ഓവറുകളിലാണ്. ആ കളിക്കാരന് എന്താണ് പറയാനാകുക. കഴിഞ്ഞ മത്സരത്തില്‍ ഞാന്‍ നാലു വിക്കറ്റെടുത്ത ബൗളറാണ്, അതുകൊണ്ട് എന്നെയും മുന്‍നിര ബൗളറായി പരിഗണിച്ച് 30-35 ഓവറൊക്കെ ആകുമ്പോള്‍ പന്തെറിയാന്‍ തരണമെന്ന് പറയാനാകില്ലല്ലോ. 69-ാം ഓവറിനുശേഷം കൊണ്ടുവന്നിട്ടും അവന്‍ രണ്ട് വിക്കറ്റെടുത്തു. ശുഭ്മാന്‍ ഗില്ലിന്‍റെ തന്ത്രപരമായ പിഴവായിരുന്നു അത്.

അതുപോലെ ആദ്യ ടെസ്റ്റ് കളിക്കുന്ന അന്‍ഷുല്‍ കാംബോജിന് പകരം രണ്ടാം ദിവസം ബുമ്രക്കൊപ്പം ന്യൂബോള്‍ എറിയേണ്ടിയിരുന്നത് മുഹമ്മദ് സിറാജായിരുന്നു. കാംബോജിനെ അനായാസം നേരിടാനായതോടെ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമ്മര്‍ദ്ദം കുറഞ്ഞു. അതുപോലെ ഇന്നലെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കെതിരെ പ്രയോഗിച്ച ഷോര്‍ട്ട് ബോള്‍ തന്ത്രം, മൂന്നാം ദിവസം തന്നെ പരീക്ഷിക്കേണ്ടതായിരുന്നു. എങ്കില്‍ കൂടുതല്‍ വിക്കറ്റ് എടുക്കാന്‍ കഴിഞ്ഞേനെ. 24 മണിക്കൂറെങ്കിലും വൈകിയാണ് ഇന്ത്യ ഒടുവില്‍ ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റാന്‍ നോക്കിയത്.

കുറെ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ഗില്ലിന്‍റെ ക്യാപ്റ്റൻസി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെങ്കിലും ഈ ഘട്ടത്തില്‍ കോച്ച് ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും ഗില്ലിനെ സഹായിക്കാന്‍ തയാറാവണമെന്നും ശാസ്ത്രി പറഞ്ഞു. ടീമിലെ സീനിയര്‍ താരങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഗില്ലിനെ കൂടുതല്‍ സഹായിക്കാനാകുക. അവര്‍ ഫീല്‍ഡ് പ്ലേസ്മെന്‍റുകളൊക്കെ ചെയ്യാന്‍ തയാറാവണം. 

ടീമിലെ സീനിയര്‍ ബൗളര്‍മാരും അത് ചെയ്യണം, തങ്ങള്‍ക്ക് വേണ്ട ഫീല്‍ഡ് ഒരുക്കാന്‍ അവര്‍ മുന്നോട്ടുവരണം. എല്ലാ കാര്യങ്ങളും ക്യാപ്റ്റൻ പറയാതെ, ഞാനിത് പരീക്ഷിക്കാന്‍ പോകുകയാണ്, എന്താണ് ക്യാപ്റ്റന്‍റെ അഭിപ്രായമെന്ന് അവര്‍ ചോദിക്കണം.50-60 ടെസ്റ്റുകള്‍ കളിച്ചവര്‍ തന്നെ അതിന് തയാറായി മുന്നോട്ടുവരണമെന്നും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് അതാണ് ചെയ്യുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക