ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ അടുത്തിടെ ടി20 ലോകകപ്പ് 2024 ഉയര്‍ത്തിയിരുന്നു

മുംബൈ: ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയെ ഇഷ്‌ടപ്പെടാതിരിക്കാനാവില്ല. സിക്‌സറുകള്‍ അനായാസം പറത്താനുള്ള കഴിവുകൊണ്ട് ഹിറ്റ്‌മാന്‍ എന്ന വിളിപ്പേരുണ്ട് രോഹിത്തിന്. ലോകമെമ്പാടും പരന്നുകിടക്കുന്ന ഹിറ്റ്‌മാന്‍ ഫാന്‍സിന്‍റെ കൂട്ടത്തില്‍ ഒരു ഹോളിവുഡ് നടനുമുണ്ട്. ഡെഡ്‌പൂള്‍ ആന്‍ഡ് വോള്‍വറിന്‍ ആക്‌ടര്‍ ഹ്യൂ ജാക്ക്‌മാനാണ് രോഹിത് ശര്‍മ്മയോടുള്ള തന്‍റെ ഇഷ്‌ടം തുറന്നുപറ‌ഞ്ഞത്. വോൾവറീൻ കഥാപാത്രം കൊണ്ട് വിശ്വപ്രസിദ്ധനാണ് ജാക്ക്‌മാന്‍. 

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്‍റെ ഏറ്റവും പ്രിയ താരം രോഹിത് ശര്‍മ്മയാണ് എന്നാണ് എക്‌സ്-മെന്‍ താരം ഹ്യൂ ജാക്‌മാന്‍റെ പ്രശംസ. ട്വന്‍റി 20 ലോകകപ്പ് 2024 കിരീടം നേടിയ ടീം ഇന്ത്യയുടെ വിക്‌ടറി പരേഡ് മുംബൈയില്‍ നടന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് മാര്‍വല്‍ ഇന്ത്യയുടെ എക്‌സ് അക്കൗണ്ടിലൂടെ ജാക്‌മാന്‍ തന്‍റെ രോഹിത് സ്നേഹം തുറന്നുപറഞ്ഞത്. 'ഞാനൊരു കടുത്ത ക്രിക്കറ്റ് ആരാധകനാണ്. ഇപ്പോഴത്തെ ഏറ്റവും പ്രിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹിത് ശര്‍മ്മയാണ്. രോഹിത് ഒരു അമാനുഷിക ക്രിക്കറ്ററാണ്' എന്ന് ഹ്യൂ ജാക്‌മാന്‍ വ്യക്തമാക്കി. ഹ്യൂ ജാക്‌മാന്‍റെ ക്രിക്കറ്റ് അറിവിനെ സഹനടന്‍ റയാന്‍ റെയ്‌നോള്‍ഡ് പിന്നാലെ പ്രശംസിക്കുകയും ചെയ്തു. എമ്മി അവാര്‍ഡ് ജേതാവാണ് ഹ്യൂ ജാക്‌മാന്‍. 

View post on Instagram

നീണ്ട 11 വര്‍ഷത്തെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ അടുത്തിടെ ടി20 ലോകകപ്പ് 2024 ഉയര്‍ത്തിയിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ നിശ്ചിത 20 ഓവറില്‍ 169-8 എന്ന സ്കോറില്‍ ഒതുക്കി ഇന്ത്യ ഏഴ് റണ്‍സിന്‍റെ ത്രില്ലര്‍ ജയം നേടുകയായിരുന്നു. 37കാരനായ രോഹിത് ശര്‍മ്മ 59 ടെസ്റ്റില്‍ 4138 റണ്‍സും 262 ഏകദിനങ്ങളില്‍ 10709 റണ്‍സും 159 രാജ്യാന്തര ട്വന്‍റി 20കളില്‍ 4231 റണ്‍സും നേടിയിട്ടുണ്ട്. 257 ഐപിഎല്‍ മത്സരങ്ങളില്‍ 6628 റണ്‍സും സമ്പാദ്യമായുണ്ട്. 

Read more: അവസാനിക്കാത്ത വിജയാരവം, കൂടുതല്‍ ദൃശ്യങ്ങള്‍ പങ്കുവെച്ച് ബിസിസിഐ; വൈകാരികമായി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം