രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ബിസിസിഐ താക്കീത് നൽകിയിരുന്നു
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ ഐപിഎല്ലിന് ഒരുങ്ങിയ താരങ്ങൾക്ക് പരോക്ഷ താക്കീതുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങളെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കും എന്നായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മുങ്ങിനിടക്കുന്ന ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നത് എന്ന് പലരും വിലയിരുത്തി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ത നിലപാടാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പ്രകടിപ്പിച്ചത്.
'രോഹിത് ശര്‍മ്മ പറഞ്ഞത് ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റ് എന്നാണ്. ടെസ്റ്റില്‍ വിജയിച്ചാല്‍ ഏതൊരാള്‍ക്കും വളരെ അച്ചടക്കവും ആത്മാര്‍ഥതയും ഉള്ള താരമാകാം. ചിലര്‍ക്ക് ടെസ്റ്റ് കളിക്കാന്‍ താല്‍പര്യമില്ല എന്ന് രോഹിത് പറഞ്ഞിരുന്നു. എന്നാല്‍ ആരെയും ലക്ഷ്യമിട്ടായിരുന്നില്ല രോഹിത്തിന്‍റെ ഈ വാക്കുകള്‍. ടെസ്റ്റ് കളിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞതായി രോഹിത് പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ രോഹിത് ആരെയും പരോക്ഷമായി വിമര്‍ശിച്ചിട്ടില്ല' എന്നുമാണ് ആകാശ് ചോപ്രയുടെ വിലയിരുത്തല്‍.
രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ബിസിസിഐ താക്കീത് നൽകിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇതിന് പിന്നാലെ പരിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യർ രഞ്ജി ക്രിക്കറ്റിൽ നിന്ന് പിന്മാറി. ഐപിഎല്ലിന് ഒരുങ്ങുന്നതിനായി ശ്രേയസ് കള്ളം പറഞ്ഞതാണെന്ന് ആരോപണമുയർന്നു. ഇത്തരത്തില്‍ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താരങ്ങളുടെ ഈ വിമുഖത സജീവ ചർച്ചയാകുന്ന സമയത്താണ് ഇന്ത്യൻ നായകന്‍ പരോക്ഷ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
പുതുമുഖ താരങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ടീം തെരഞ്ഞെടുപ്പാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കണ്ടത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്ന സർഫ്രാസ് ഖാനും ധ്രുവ് ജുറലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറാനായി. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പേസര്‍ ആകാശ് ദീപും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലൂടെ അരങ്ങേറിയ താരമാണ്.
