രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ബിസിസിഐ താക്കീത് നൽകിയിരുന്നു

റാഞ്ചി: ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ ഐപിഎല്ലിന് ഒരുങ്ങിയ താരങ്ങൾക്ക് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നവരെയാകും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുകയെന്ന് രോഹിത് പറഞ്ഞു. താരങ്ങള്‍ ഐപിഎല്ലില്‍ മാത്രം ശ്രദ്ധിക്കുന്നു എന്ന ആരോപണം ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറേക്കാലമായുണ്ട്. 

രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ബിസിസിഐ താക്കീത് നൽകിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇതിന് പിന്നാലെ പരിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യർ രഞ്ജി ക്രിക്കറ്റിൽ നിന്ന് പിന്മാറി. ഐപിഎല്ലിന് ഒരുങ്ങുന്നതിനായി ശ്രേയസ് കള്ളം പറഞ്ഞതാണെന്ന് ആരോപണമുയർന്നു. ശ്രേയസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും താരത്തിന് നിലവില്‍ പരിക്കുകള്‍ ഒന്നും ഇല്ലായെന്നുമാണ് ബിസിസിഐ മെഡിക്കല്‍ സംഘം വ്യക്തമാക്കിയത്. 

ഇത്തരത്തില്‍ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താരങ്ങളുടെ ഈ വിമുഖത സജീവ ചർച്ചയാകുന്ന സമയത്താണ് ഇന്ത്യൻ നായകന്‍റെ പരോക്ഷ മുന്നറിയിപ്പ്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് നയം വ്യക്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്ന സർഫ്രാസ് ഖാനും ധ്രുവ് ജുറലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറാനായി. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ വാക്കുകൾ ചർച്ചയാകുന്നത്.

രഞ്ജി ട്രോഫിയില്‍ നിന്ന് മുങ്ങിയ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ കരാര്‍ ബിസിസിഐ റദ്ദാക്കിയേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരണം എങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. 

Read more: ആര്‍ അശ്വിന്‍റെ നൂറാം ടെസ്റ്റ്; രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ പ്രത്യേക ആവശ്യവുമായി ഗവാസ്‌കര്‍, കിടുക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം