ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്താണ് യുവതാരം ശ്രദ്ധിക്കപ്പെട്ടത്
സെന്റ് കിറ്റ്‌സ്: ഐപിഎല്ലിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനെ(Arshdeep Singh) ടി20 ലോകകപ്പ് ടീമിലെടുക്കണം എന്ന് മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മയോട് ആവശ്യപ്പെട്ട് മുന്‍താരം കൃഷ്‌ണമചാരി ശ്രീകാന്ത്(Krishnamachari Srikkanth). രാജ്യാന്തര ടി20യിലെ ഭാവി നമ്പര്‍ 1 ബൗളറാണ് അര്‍ഷ്‌ദീപ് എന്ന് ഇന്ത്യന്‍ മുന്‍ മുഖ്യ സെലക്‌ടര്‍ കൂടിയായ കെ ശ്രീകാന്ത് പ്രശംസിച്ചു.
'ടി20യില്‍ ഭാവിയിലെ നമ്പര്‍ 1 ബൗളറാണ് അര്‍ഷ്‌ദീപ് സിംഗ്. അതിഗംഭീര പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. അത് ശ്രദ്ധിക്കണം. ടി20 ലോകകപ്പ് ടീമില്‍ അര്‍ഷ്‌ദീപുണ്ടാവണം. കമോണ്‍ ചേതന്‍ ശര്‍മ്മ, അര്‍ഷ്‌ദീപിനേയും ഉള്‍പ്പെടുത്തൂ' എന്നും ശ്രീകാന്ത് ഫാന്‍ കോഡില്‍ പറഞ്ഞു.
പരിചയസമ്പന്നരായ പേസര്‍മാര്‍ ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത് ബുമ്രയും ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നുറപ്പാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹപേസര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നിവരുമായി അര്‍ഷ്‌ദീപ് ശക്തമായി മത്സരിക്കേണ്ടിവരും. സമ്മര്‍ദഘട്ടങ്ങളില്‍ മികച്ച വേരിയേഷനുകളും യോര്‍ക്കറുകളും എറിയാനാകുന്നതാണ് അര്‍ഷ്‌ദീപിന്‍റെ കരുത്ത്.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്താണ് 23കാരനായ അര്‍ഷ്‌ദീപ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കും അയര്‍ലന്‍ഡിനും എതിരായ പരമ്പരകളില്‍ ബഞ്ചിലിരുന്ന താരം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ ടി20 മത്സരങ്ങളില്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറായി മികവ് കാട്ടുകയാണ് അര്‍ഷ്‌ദീപ് സിംഗ്. രാജ്യാന്തര കരിയറില്‍ നാല് മത്സരങ്ങളില്‍ 6.52 ഇക്കോണമിയില്‍ ആറ് വിക്കറ്റുമായി ശ്രദ്ധേയ തുടക്കമാണ് താരം നേടിയിരിക്കുന്നത്. അതില്‍ അഞ്ച് വിക്കറ്റും ഡെത്ത് ഓവറിലായിരുന്നു. ഡെത്ത് ഓവറില്‍ 6.35 മാത്രമാണ് ഇക്കോണമി.
കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം 11 പേസ് ബൗളര്‍മാരെയാണ് ടീം ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പിന് ശേഷം ഡെത്ത് ഓവറുകളില്‍ കുറഞ്ഞത് അഞ്ച് ഓവറെങ്കിലും എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി അര്‍ഷ്‌ദീപ് സിംഗിനാണ്.
അര്‍ഷ്‌ദീപ് സിംഗിനെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍താരം രീതിന്ദർ സിംഗ് സോധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'വമ്പന്‍ ടൂര്‍ണമെന്‍റുകള്‍ കളിക്കാന്‍ അര്‍ഷ്‌ദീപ് സിംഗ് തയ്യാറായിക്കഴിഞ്ഞു. താരം ടീം ഇന്ത്യക്ക് വലിയ വാഗ്‌ദാനമാണ്. ലോകകപ്പ് മുന്‍നിര്‍ത്തി 20 താരങ്ങളുടെ സംഘം സെലക്‌ടര്‍മാരുടെ മനസിലുണ്ടാകും. അതിലേക്ക് ഉള്‍പ്പെടാന്‍ വലിയ സാധ്യതയാണ് അര്‍ഷ്‌ദീപിന് കാണുന്നത്. ഓസീസ് സാഹചര്യങ്ങളില്‍ അര്‍ഷ്‌ദീപിന്‍റെ ഇടംകൈയന്‍ പേസ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും' എന്നും രീതിന്ദർ സിംഗ് സോധി ഇന്ത്യാ ന്യൂസ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
അര്‍ഷ്‌ദീപ് സിംഗ് ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യന്‍; ഞെട്ടണ്ടാ, വ്യക്തമായ കാരണം പറഞ്ഞ് മുന്‍താരം
