ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പന്ത് അപകടകാരിയാവുമെന്നും അസാമാന്യ മികവുള്ള കളിക്കാരനാണ് പന്തെന്നും പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയിലെ വേഗവും ബൗണ്‍സുമുള്ള ഫ്ലാറ്റ് പിച്ചുകള്‍ റിഷഭ് പന്തിന്‍റെ കളിക്ക് അനുയോജ്യമാണ്.

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ(India vs South Africa) ആദ്യ മത്സരത്തില്‍ ക്യാപ്റ്റനായി അരങ്ങേറിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്(Rishabh Pant) വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. റിഷഭ് പന്തിന്‍റെ ബൗളിംഗ് മാറ്റങ്ങളും ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിച്ച രീതിയുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ബാറ്റിംഗില്‍ 16 പന്തില്‍ 29 റണ്‍സടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ക്യാപ്റ്റന്‍സിയിലെ അബദ്ധങ്ങള്‍ റിഷഭ് പന്തിന് തിരിച്ചടിയായി. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലും റിഷഭ് പന്ത് അപകടകാരിയായ ബാറ്ററാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനായ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting).

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പന്ത് അപകടകാരിയാവുമെന്നും അസാമാന്യ മികവുള്ള കളിക്കാരനാണ് പന്തെന്നും പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയയിലെ വേഗവും ബൗണ്‍സുമുള്ള ഫ്ലാറ്റ് പിച്ചുകള്‍ റിഷഭ് പന്തിന്‍റെ കളിക്ക് അനുയോജ്യമാണ്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്‍റില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട കളിക്കാരിലൊരാള്‍ ഉറപ്പായും റിഷഭ് പന്താണെന്നും ഐസിസി റിവ്യുവില്‍ പോണ്ടിംഗ് വ്യക്തമാക്കി.

ബാറ്റിംഗ് നിരയില്‍ ഫ്ലോട്ടറായി കളിപ്പിക്കാവുന്ന പന്തിനെ അഞ്ചാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് തന്‍റെ നിര്‍ദേശമെന്നും പോണ്ടിംഗ് പറഞ്ഞു. ഒന്നോ രണ്ട് വിക്കറ്റ് വീഴുകയും ഇന്നിംഗ്സില്‍ ഏഴോ എട്ടോ ഓവറുകള്‍ ബാക്കിയിരിക്കുകയും ചെയ്യുമ്പോള്‍ റിഷഭ് പന്തിനെ ഇറക്കി നോക്കാവുന്നതാണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ താന്‍ പന്തിനെ അങ്ങനെയാണ് ഉപയോഗിക്കാറുള്ളതെന്നും പന്തിന്‍റെ അക്രമണാത്മക ബാറ്റിംഗ് ടീമിന് ഗുണകരമാകുമെന്നും പോണ്ടിംഗ് പറഞ്ഞ‌ു. ക്യാപ്റ്റന്‍ സ്ഥാനത്ത് ഒരുപാട് അബദ്ധങ്ങള്‍ വരുത്തിയെങ്കിലും ഡല്‍ഹിയെ നയിക്കാന്‍ റിഷഭ് പന്ത് എന്തുകൊണ്ടും യോഗ്യനാണെന്നും പോണ്ടിംഗ് പറഞ്ഞു.