മുംബൈ: കഴിഞ്ഞ ദിവസമാണ് ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡാണ് ടീം ഇന്ത്യയുടെ പരിശീലകന്‍. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മിക്കവരും പ്രതീക്ഷിച്ചത് പൊലെയായിരുന്നു ടീം പ്രഖ്യാപനം.

എന്നാല്‍ ആഭ്യന്തര സീസണ്‍ വരുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ഷെല്‍ഡന്‍ ജാക്‌സണ്‍ തഴയപ്പെട്ടു. അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പരസ്യമായി പ്രതികരിച്ച താരമാണ് ജാക്‌സണ്‍. തുടര്‍ച്ചയായ രണ്ട് രഞ്ജി സീസണുകളില്‍ 800ലേറെ റണ്‍സ് നേടിയിട്ടും പ്രായത്തിന്റെ പേരില്‍ സെലക്ടര്‍മാര്‍ തന്നെ അവഗണിക്കുകയാണെന്ന് താരം പറഞ്ഞിരുന്നു.

ഇന്നലെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ശേഷവും താരത്തിന്റെ പ്രതികരണം വന്നു. ടീം പ്രഖ്യാപനത്തിന് പിന്നാലെ തകര്‍ന്ന ഹൃദയത്തിന്റെ ഇമോജി ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ജാക്‌സണ്‍ പ്രതികരിച്ചത്. ആരാധകര്‍ താരത്തെ സമാധാനിപ്പിക്കുന്ന കമന്റുമായും എത്തിയിട്ടണ്ട്.

സൗരാഷ്ട്രക്കായി കളിച്ചിരുന്ന ജാക്‌സണ്‍ കഴിഞ്ഞ സീസണില്‍ പുതുച്ചേരിക്ക് വേണ്ടിയാണ് കളിക്കാനിറങ്ങിയത്. 2018-2019 രഞ്ജി സീസണില്‍ 854 റണ്‍സടിച്ച ജാക്‌സണ്‍ 2019-2020ല്‍ 809 റണ്‍സടിച്ചു. കരിയറില്‍ 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 49.42 ശരാശരിയില്‍ 5634 റണ്‍സാണ് ജാക്‌സന്റെ സമ്പാദ്യം.