ഇംഗ്ലണ്ട് ക്യാപ്റ്റനും ആര്‍സിബി ബാറ്ററുമായ ഹീതര്‍ നൈറ്റും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിരാട് കോലി ആര്‍സിബി ക്യംപുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായെന്നും നൈറ്റ് പറഞ്ഞു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം ആദ്യജയം സ്വന്തമാക്കിയിരുന്നു. യുപി വാരിയേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. 136 റണ്‍സ് വിജയലക്ഷ്യം 12 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 46 റണ്‍സെടുത്ത കനിക അഹൂജയാണ് ആര്‍സിബിയുടെ വിജയശില്‍പി. പുറത്താകാതെ 31 റണ്‍സെടുത്ത റിച്ച ഘോഷും തിളങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന പൂജ്യത്തിന് പുറത്തായി. ആദ്യ അഞ്ച് കളികളും തോറ്റ ആര്‍സിബിയുടെ ഊര്‍ജത്തിന് പിന്നില്‍ ആര്‍സിബിയാണെന്നാണ് ഇപ്പോഴത്തെ സംസാരം.

ഇംഗ്ലണ്ട് ക്യാപ്റ്റനും ആര്‍സിബി ബാറ്ററുമായ ഹീതര്‍ നൈറ്റും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിരാട് കോലി ആര്‍സിബി ക്യംപുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായെന്നും നൈറ്റ് പറഞ്ഞു. നേരത്തെ 135 റണ്‍സിന് യുപി വാരിയേഴ്‌സ് ഓള്‍ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത എല്ലിസ് പെരിയാണ് യുപിയെ തകര്‍ത്തത്. ആദ്യ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ ആര്‍സിബി നിലനിര്‍ത്തി.

കുറഞ്ഞ വിജയലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നതെങ്കിലും ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായതോടെ ആര്‍സിബി പ്രതിരോധത്തിലായി. യുപിയുടെ ബാറ്റിംഗ് ഹീറോ കൂടിയായ ഗ്രേസ് ഹാരിസിന്റെ ആദ്യ ഓവറില്‍ സോഫീ ഡിവൈന്‍ (14) വീണു. സഹ ഓപ്പണറും ക്യാപ്റ്റനുമായ സ്മൃതി മന്ദാന ഒരിക്കല്‍ക്കൂടി പരാജയമായി. മൂന്ന് പന്ത് നേരിട്ട മന്ദാനയെ തൊട്ടടുത്ത ഓവറില്‍ ദീപ്തി ശര്‍മ്മ ബൗള്‍ഡാക്കുകയായിരുന്നു. എലിസ് പെറി 13 പന്തില്‍ 10 റണ്‍സുമായി ദേവിക വൈദ്യക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ആര്‍സിബി 6.1 ഓവറില്‍ 43-3 എന്ന് നിലയില്‍ കുരുക്കിലായി.

കനിക അഹൂജയ്ക്കൊപ്പം ഹീതര്‍ നൈറ്റ് സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 21 പന്തില്‍ 5 ബൗണ്ടറികളോടെ 24 നേടിയ ഹീത്തറിനെ ദീപ്തി ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി. എന്നാല്‍ മികച്ച താളം കണ്ടെത്തിയ കനികയും റിച്ചാ ഘോഷും (31) ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു. വിജയത്തിന് ചുവടുകള്‍ മാത്രം അകലെ കനികയെ(30 പന്തില്‍ 46) സോഫീ എക്കിള്‍സ്റ്റണ്‍ ബൗള്‍ഡാക്കിയത് ആര്‍സിബിയെ ബാധിച്ചില്ല. 

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശേഷം അഞ്ച് റണ്‍സിന് മൂന്നും 31 റണ്‍സിന് അഞ്ചും വിക്കറ്റ് നഷ്ടമായ യുപി 19.3 ഓവറില്‍ 135 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസാണ് യുപിയുടെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയും 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്ഗീറും നിര്‍ണായകമായി.

ബ്ലാസ്റ്റേഴ്‌സിന് പണിയാകുമോ? ഇവാന്‍ ആശാന് എഐഎഫ്എഫ് നോട്ടീസ് നല്‍കി, നടപടിക്ക് സാധ്യത!