ബാംഗ്ലൂര്‍: ഐപിഎല്‍ താരലേലത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകനും കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനുമായിരുന്ന സ്റ്റീവ് സ്മിത്തിനുവേണ്ടി റോയല്ർ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലേലം വിളിച്ചത് മറ്റൊരു ഓസേ്ട്രേലിയന്‍ താരമായ ഗ്ലെന്‍ മാക്സ്‌വെല്‍ ചെന്നൈ ടീമിലെത്തുന്നത് തടയാന്‍ വേണ്ടി. താരലേലത്തില്‍ സ്മിത്തിനുവേണ്ടി നടക്കാനിടയുള്ള ലേലം വിളിയുടെ റിഹേഴ്സല്‍ വരെ നടത്തിയാണ് ബാംഗ്ലൂര്‍ ടീം ലേലത്തിനായി എത്തിയത്.

ബാംഗ്ലൂര്‍ ടീമിന്‍റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണിന്‍റെ നേതൃത്വത്തിലായിരുന്നു സ്മിത്തിനെ ആദ്യം വിളിച്ച് ചെന്നൈ ഏറ്റുപിടിക്കുമ്പോള്‍ ഒഴിവാക്കുക എന്ന തന്ത്രം ബാംഗ്ലൂര്‍ മെനഞ്ഞത്. ഇതിന്‍റെ വീഡിയോ ആര്‍സിബി ഇന്ന് പുറത്തുവിട്ടു.

അടിസ്ഥാനവിലയായ രണ്ടു കോടി രൂപക്ക് ആണ് സ്മിത്തിന്‍റെ ലേലം വിളി തുടങ്ങിയത്. ഈ തുകയ്ക്ക് ആദ്യം താല്‍പര്യം അറിയിച്ചത് ബാംഗ്ലൂരായിരുന്നു. എന്നാല്‍ 2.20 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തിയതോടെ ബാംഗ്ലൂര്‍ പിന്‍മാറി. മറ്റാരും സ്മിത്തിനായി കൂട്ടി വിളിക്കാതിരുന്നതോടെ സ്മിത്ത് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തുകയും ചെയ്തു. ബാംഗ്ലൂരിന്‍റെ തന്ത്രത്തില്‍ ചെന്നൈ വീണതുമില്ല.

സ്മിത്തിനായുള്ള ലേലം വിളിയുടെ റിഹേഴ്സലില്‍ മൈക്ക് ഹെസ്സണ്‍ പറയുന്നത്, സ്മിത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സാണ് പ്രധാനമായും രംഗത്തെത്താന്‍ സാധ്യതയുള്ള ടീം. അതുകൊണ്ടുതന്നെ സ്മിത്തിനുവേണ്ടി ചെന്നൈ ടീമുമായി ലേലം വിളിച്ച് മത്സരിച്ച് ഒടുവില്‍ അദ്ദേഹത്തെ അവര്‍ക്ക് വിട്ടുകൊടുക്കുക എന്നതായിരുന്നു ബാംഗ്ലൂരിന്‍റെ തന്ത്രം. പരമാവധി നാലു കോടി രൂപയാകും സ്മിത്തിന് ലേലത്തില്‍ ലഭിക്കുക എന്നും ഹെസ്സണ്‍ പറയുന്നു.

സ്മിത്തിനെ ചെന്നൈ സ്വന്തമാക്കി കഴിഞ്ഞാല്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ സാധ്യത ഇല്ലാാതക്കാന്‍ കഴിയുമെന്നായിരുന്നു ബാംഗ്ലൂരിന്‍റെ കണക്കുക്കൂട്ടല്‍. കാരണം സ്മിത്തിനെ ചെന്നൈ സ്വന്തമാക്കിയാല്‍ പിന്നെ അവര്‍ക്ക് മാക്സ്‌വെല്ലിനായി ഉയര്‍ന്ന തുക മുടക്കാനാവില്ലെന്നായിരുന്നു ബാംഗ്ലൂരിന്‍റെ വിലയിരുത്തല്‍. അതുകൊണ്ടാണ് ബാംഗ്ലൂരിന് സ്മിത്തില്‍ താല്‍പര്യമില്ലാതിരുന്നിട്ടും ആദ്യം ലേലം വിളി തുടങ്ങിവെച്ചത്. ഇനി അഥവാ മറ്റൊരു ടീമും അടിസ്ഥാനവിലയില്‍ കൂടുതല്‍ നല്‍കി സ്മിത്തിനെ സ്വന്തമാക്കാന്‍ രംഗത്തു വന്നില്ലെങ്കിലും രണ്ട് കോടി രൂപക്ക് സ്മിത്ത് ബാംഗ്ലൂര്‍ ടീമിലെത്തിയാല്‍ ലോകം അവസാനിക്കുകയൊന്നുമില്ലെന്നും മൈക്ക് ഹെസ്സണ്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ബൗള്‍ ചെയ്യാന്‍ കൂടി കഴിയുന്ന ബാറ്റ്സ്മാനെ ആണ് ബാംഗ്ലൂരിന് ശരിക്കും വേണ്ടതെന്നും ഹെസ്സണ്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. വാശിയേറിയ ലേലം വിളിക്കൊടുവില്‍ 14.25 കോടി രൂപ നല്‍കിയാണ് ബാംഗ്ലൂര്‍ മാക്സ്‌വെല്ലിനെ ടീമിലെത്തിച്ചത്. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണെ 15 കോടി നല്‍കിയും ബാംഗ്ലൂര്‍ ടീമിലെടുത്തിരുന്നു.