രണ്ട് ടൂര്‍ണമെന്റുകളിലെ 10 മത്സരങ്ങളില്‍ നിന്ന് 701 റണ്‍സാണ് ധവാന്‍ നേടിയത്.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഇതുവരെ മികച്ച ബാറ്റിങ്, ബോളിങ് പ്രകടനം നടത്തിയത് ആരൊക്കെയാണ്. ഈ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുക്കറുടെ വക ഒരു സര്‍പ്രൈസ് ഉണ്ട്. എത് ടൂര്‍ണമെന്റ് ചരിത്രം നോക്കിയാലും ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയവരില്‍ മുന്‍ നിരയിലുണ്ടാവാറുണ്ട് സച്ചിന്‍. പക്ഷേ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഒരു ട്വിസ്റ്റുണ്ട്. കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരില്‍ ആദ്യ അഞ്ചില്‍ സച്ചിനില്ല. ബാറ്റിങ്ങില്‍ ശിഖര്‍ ധവാനാണ് ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ സ്റ്റാര്‍. 

രണ്ട് ടൂര്‍ണമെന്റുകളിലെ 10 മത്സരങ്ങളില്‍ നിന്ന് 701 റണ്‍സാണ് ധവാന്‍ നേടിയത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 13 മത്സരങ്ങളില്‍ നിന്ന് 665 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യമെങ്കില്‍ ദ്രാവിഡ് 19 മത്സരങ്ങളില്‍ 627 റണ്‍സാണ് നേടിയത്. കോലി 13 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സ് നേടി നാലാം സ്ഥാനത്ത്. രോഹിത് അഞ്ചാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ നിന്ന് 481 റണ്‍സാണ് രോഹിത് നേടിയത്. ഇക്കുറി ടീമിലുള്ള കോലിയും രോഹിത്തും മികച്ച പ്രകടനം നടത്തിയാല്‍ ധവാന്റെ ഒന്നാം സ്ഥാനമൊക്കെ തെറിക്കുമെന്നുറപ്പ്. 

സച്ചിനില്ലെന്ന് കരുതി സങ്കടപ്പെടാന്‍ വരട്ടെ. ബാറ്റര്‍മാരുടെ ടോപ് ഫൈവില്‍ ഉള്‍പ്പെടാത്ത സച്ചിന്‍ ഇന്ത്യന്‍ ബോളര്‍മാരുടെ പട്ടികയിലുണ്ട് ആദ്യ മൂന്നിലുണ്ട്. ഞെട്ടേണ്ട, സംഗതി സത്യമാണ്. 16 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് സച്ചിന്‍ നേടിയത്. 1998ലെ ആദ്യ എഡിഷനില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയതും കൂടുതല്‍ വിക്കറ്റെടുത്തതും സച്ചിനായിരുന്നു. ബോളിങ്ങില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് നിലവില്‍ ഒന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ്. ഇത്തവരണയും ടീമിലുള്ള ജഡേജ വിക്കറ്റെണ്ണം കൂട്ടുമെന്നുറപ്പ്. അതിനാല്‍ തന്നെ കുറച്ചധികം നാള്‍ ജഡ്ഡു തന്നെ വിക്കറ്റ് വേട്ടയില്‍ കിങ്. 9 മത്സരങ്ങളില്‍ 15 വിക്കറ്റ്.

സക്‌സേന സക്‌സസ്! രഞ്ജിയില്‍ കേരളത്തിന്റെ തിരിച്ചടി, ഗുജറാത്തിന് തകര്‍ച്ച; ഫൈനല്‍ പ്രതീക്ഷ

മൊത്തം നോക്കിയാല്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ 29 മത്സരങ്ങളില്‍ 18 മത്സരങ്ങള്‍ ടീം ഇന്ത്യ ജയിച്ചുകയറി. അവസാന അഞ്ചില്‍ മൂന്നെണ്ണം ജയിച്ചു. രണ്ടെണ്ണം തോറ്റു. അതിലൊന്ന് കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ഫൈനലായിരുന്നു എന്നതാണ് ആരാധകരുടെ സങ്കടം. പാക്കിസ്ഥാനെതിരെയാണ് ഇന്ത്യ അന്ന് തോല്‍വി നേരിട്ടത്. ആ തോല്‍വിക്കുള്‍പ്പടെ കണക്കുകള്‍ തീര്‍ക്കാനുണ്ട്. ഒപ്പം 2023ല്‍ നഷ്ടപ്പെട്ട ഏകദിന ലോകകപ്പിന് പകരമൊരും കിരീടം. അത് ചാംപ്യന്‍സ് ട്രോഫി കിരീടമാകുമ്പോള്‍ മധുരം കൂടും. 

2013ല്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ഇന്ത്യ ഒടുവില്‍ ചാംപ്യന്‍സ് ആയത്. അശ്വിന്റെ അവസാന ഓവറും കിരീടം നേടിയ ടീം ഇന്ത്യയുടെ ആഘോഷവും ഇന്നും ആരാധകരുടെ മനസിലുണ്ട്. അതിന് മുന്പ് 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം ഇന്ത്യ സംയുക്ത ചാംപ്യന്‍മാരായിരുന്നു. കിരീടക്കണക്കില്‍ നോക്കുകയാണെങ്കില്‍ മൂന്നാം കിരീടം നേടി മുന്നോട്ട് കുതിക്കാനാണ് ടീം ഇന്ത്യയുടെ വരവ്.