രോഹിത് ക്യാപ്റ്റനാവുമ്പോള്‍ രസകരമായ വസ്തുതയുണ്ട്. മുന്‍പ് ക്യാപ്റ്റനായിരുന്ന പലരും സ്ഥാനമൊഴിയുന്ന പ്രായത്തിലാണ് രോഹിത് ക്യാപ്റ്റനാകുന്നത്. രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം 35 വയസിനോടടുക്കുന്നു. 

മുംബൈ: കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത്. നേരത്തെ, നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന രോഹിത്തിനെ ഇന്നലെ ടെസ്റ്റ് ടീമിന്റേയും നായകനാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയിലുണ്ടായി തോല്‍വിക്ക് ശേഷം വിരാട് കോലി (Virat Kohli) നായകസ്ഥാനത്ത് നിന്ന് മാറിയിരുുന്നു. കോലിക്ക് പകരമാണ് രോഹിത്തിനെ ക്യാപ്റ്റനാക്കിയത്.

രോഹിത് ക്യാപ്റ്റനാവുമ്പോള്‍ രസകരമായ വസ്തുതയുണ്ട്. മുന്‍പ് ക്യാപ്റ്റനായിരുന്ന പലരും സ്ഥാനമൊഴിയുന്ന പ്രായത്തിലാണ് രോഹിത് ക്യാപ്റ്റനാകുന്നത്. രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം 35 വയസിനോടടുക്കുന്നു. 34 വയസും 308 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. 33 വയസും 67 ദിവസവുമുള്ളപ്പോഴാണ് കോലി നായകസ്ഥാനം ഒഴിയുന്നത്. 

കോലിക്ക് മുമ്പ് ക്യാപ്റ്റനായിരുന്നു എം എസ് ധോണി ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നൊഴിയുമ്പോള്‍ 33 വയസും 172 ദിവസവുമായിരുന്നു പ്രായം. ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഒരിക്കല്‍ ക്യാപ്റ്റനായിരുന്നു. അദ്ദേഹം സ്ഥാനമൊഴിയുന്നത് 35-ാം വയസിലാണ്. 34 വയസും 210 ദിവസവുമായിരുന്നു അന്ന് ദ്രാവിഡിന്റെ പ്രായം.

സൗരവ് ഗാംഗുലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിയുന്നത് 34-ാം വയസില്‍. നിലവില്‍ ബിബിസിഐ പ്രസിഡന്റായ ഗാംഗുലി നായകസ്ഥാനം ഉപേക്ഷിക്കുമ്പോള്‍ 33 വയസും 74 ദിവസമായിരുന്നു പ്രായം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം നായകനായി. നായകസ്ഥാനം ഉപേക്ഷിക്കുമ്പോള്‍ സച്ചിന് 26 വയസും 313 ദിവസവുമായിരുന്നു പ്രായം.

ലങ്കയ്‌ക്കെതിരെ മൂന്ന് ടി20യും രണ്ട് ടെസ്റ്റും

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുക. രണ്ട് പരമ്പരയ്ക്കുള്ള ടീമിനേയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടി20 ടീമില്‍ വിരാട് കോലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു. പരിക്ക് പൂര്‍ണമായും മാറാത്തതിനാല്‍ കെ എല്‍ രാഹുലും പുറത്ത് തന്നെ.

ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാരായുള്ളത്. ഓള്‍ റൗണ്ടറായി വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, എന്നിവരാണുള്ളത്. ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.

നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക. നേരത്തെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായിരുന്നു ലഖ്‌നൗ വേദിയാവേണ്ടിയിരുന്നത്. മൊഹാലിയില്‍ നടത്താനിരുന്ന ടി20 മത്സരമാണ് ധര്‍മശാലയിലേക്ക് മാറ്റിയത്.