മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ നാല് മാറ്റങ്ങളുണ്ടായേക്കും. ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരം ആളെ കണ്ടെത്തുമെന്നുറപ്പാണ്. അതിന് പിന്നാലെ മറ്റുരണ്ട് മാറ്റങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നാണ് ഇ്‌പ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ജനുവരി ഏഴിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്. 

ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന കോലിക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ അദ്ദേഹം എവിടെ കളിക്കുമെന്ന് ഉറപ്പായിട്ടില്ല. കോലി മടങ്ങിയ സാഹചര്യത്തില്‍ ആ സ്ഥാനത്ത് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കളിച്ചേക്കും. പിന്നാലെ ഹനുമ വിഹാരി ക്രീസിലെത്തും.

അതിന് ശേഷമായിരിക്കും രാഹുല്‍ കളിക്കുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പരിക്കേറ്റ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ സിറാജിന് അരങ്ങേറ്റമായിരിക്കും. ആദ്യ ടെസ്റ്റിനിടെ ഷമിക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് പരമ്പര നഷ്ടമാകും. 

ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം പുറത്തെടുത്ത പൃഥ്വി ഷായ്ക്ക് സ്ഥാനം നഷ്ടമാകും. പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തും. താരത്തിനും അരങ്ങേറ്റമായിരിക്കുമിത്. അതുകൂടാതെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്ത് ടീമിലെത്തും. ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു സാഹയുടേത്.

ടീം ഇന്ത്യ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.