ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരെ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ നേടിയ 317 റണ്‍സാണ് ഒന്നാമത്. തൊട്ടുപിന്നില്‍ ഓസീസിന്റെ ഇന്നത്തെ ജയവും.
ദില്ലി: ഏകദിന ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയം ഓസീസ് സ്വന്തമാക്കിയെങ്കിലും മറ്റൊരു റെക്കോര്‍ഡ് ഇന്ത്യയുടെ പേരില്‍ തന്നെ തുടരും. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യയുടെ പേരില്‍ മാറാതെ കിടക്കുന്നത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയിരുന്നത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സ് 90ന് എല്ലാവരും പുറത്താവുകയായിരുന്നു.
ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരെ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ നേടിയ 317 റണ്‍സാണ് ഒന്നാമത്. തൊട്ടുപിന്നില്‍ ഓസീസിന്റെ ഇന്നത്തെ ജയവും. ഈ വര്‍ഷം ഹരാരെയില്‍ യുഎഇക്കെതിരെ സിംബാബ്‌വെ നേടിയ 304 റണ്‍സ് വിജയം മൂന്നാമതായി. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സിന്റെ ജയവും പട്ടികിയിലുണ്ട്. 2015 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസീസ് നേടി 275 റണ്‍സ് അഞ്ചാമതായി.
എന്നാല്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ജയമാണ് ഓസ്‌ട്രേലിയയുടേത്. രണ്ടാം സ്ഥാനത്തും ഓസീസ് തന്നെ. 2015 ലോകകപ്പില്‍ അഫ്ഗാനെ 275 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. മൂന്നാം സ്ഥാനം ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടുന്നു. 2007 ലോകകപ്പില്‍ ഇന്ത്യ ബെര്‍മുഡയെ തകര്‍ത്തത് 257 റണ്‍സിന്. 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക 257 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ മറികടന്നു. വീണ്ടും ഓസ്‌ട്രേലിയ പട്ടികയിലെത്തി. 2003 ലോകകപ്പില്‍ നമീബിയക്കെതിരെ ഓസീസിന്റെ ജയം 256 റണ്‍സിനായിരുന്നു.
ദില്ലിയില്‍ ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി.
