ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഒരു മത്സരത്തില്‍ പോലും വിന്‍ഡീസിന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇന്ന് ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തുക. 

വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിന പരമ്പരയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. എങ്കിലും ഒരു വിജയത്തുടക്കമാണ് കോലിയും സംഘവും പ്രതീക്ഷിക്കുന്നത്. ടി20യില്‍ പരീക്ഷണ ടീമിനെയാണ് ഇറക്കിയതെങ്കില്‍ ഏകദിനത്തില്‍ വ്യാപകമായ മാറ്റം പ്രതീക്ഷിക്കാം. പരിചയസമ്പന്നരായ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയേക്കും. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിനൊപ്പം ചേരും. ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ നാട്ടിലേക്ക് തിരിക്കും. 

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം നവ്ദീപ് സൈനി ടീമിലെത്തും. ടി20യിലെ മികച്ച പ്രകടനമാണ് സൈനിക്ക് ഗുണമാവുക. ചാഹല്‍ അല്ലെങ്കില്‍ കുല്‍ദീപ് എന്നിവരില്‍ ഒരാള്‍ മാത്രമാണ് പ്ലയിങ് ഇലവനില്‍ ഉണ്ടാവുക. ജഡേജയായിരിക്കും മറ്റൊരു സ്പിന്നര്‍.ബാറ്റിങ് വകുപ്പില്‍ കഴിഞ്ഞ ടി20യില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മ തിരിച്ചെത്തും. 

ധവാനൊപ്പം രോഹിത്താണ് ഓപ്പണ്‍ ചെയ്യുക. മൂന്നാമനായി കോലിയും നാലാമനായി കെ എല്‍ രാഹുലും ടീമിലെത്തും. എന്നാല്‍ പിന്നീടുള്ള സ്ഥാനമാണ് ആശയകുഴപ്പമുണ്ടാക്കുന്നത്. കേദാര്‍ ജാദവ്, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാള്‍ മാത്രമാണ് അഞ്ചാം സ്ഥാനത്ത് കളിക്കുക. അവസാന ടി20യിലെ പ്രകടനം ഋഷഭ് പന്തിന് തുണയായിട്ടുണ്ട്. ആറാമനായി പന്ത് ടീമിലെത്തും.

ഇന്ത്യയുടെ സാധ്യത ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍/കേദാര്‍ ജാദവ്/ മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍/കുല്‍ദീപ് യാദവ്, നവ്ദീപ് സൈനി.