മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വ്യാഴാഴ്ച തെരഞ്ഞെടുക്കും. ലോകകപ്പ് കഴിഞ്ഞ ഉടനെയാണ് പരമ്പരയെന്നുള്ളതിനാല്‍ സീനിയര്‍ താരങ്ങളില്‍ ചിലര്‍ക്കെങ്കിലും വിശ്രമം അനുവദിച്ചേക്കും. പ്രതീക്ഷയോടെയാണ് യുവതാരങ്ങള്‍ കാത്തിരിക്കുന്നത്. ടീമില്‍ കയറാന്‍ കഴിയുമെന്ന പ്രതീക്ഷ യുവതാരങ്ങള്‍ക്കുണ്ട്. 

നേരത്തെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമെന്നും സംസാരമുണ്ടായി. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം കോലി തന്നെ ടീമിനെ നയിക്കും. ശിഖര്‍ ധവാന്റെ പരിക്ക് ഭേദമാവാത്ത സാഹചര്യത്തില്‍ കെ.എല്‍ രാഹുല്‍ ഓപ്പണിങ് സ്ഥാനത്ത് തുടരും. ലോകകപ്പില്‍ കളിച്ചത് പോലെ ഋഷഭ് പന്ത് നാലാം സ്ഥാനത്ത് ഉറപ്പിക്കും. 

എന്നാല്‍ ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായേക്കും. ധോണിയുടെ കാര്യത്തിലും ആശയകുഴപ്പമുണ്ട്. താരത്തിന് ടീമില്‍ ഇടം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജസ്പ്രീത് ബൂമ്രയ്ക്കും വിശ്രമം നല്‍കും. മുഹമ്മദ് ഷമിക്ക് പകരം മറ്റു പേസറെ പരീക്ഷിക്കും. ജഡേജയും ടീമില്‍ സ്ഥാനം നിലിനിര്‍ത്തും. ശ്രേയാസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, നവ്ദീപ് സൈനി, ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, ഇഷാന്‍ കിഷന്‍, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. 

സാധ്യത ഇലവന്‍: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയാസ് അയ്യര്‍, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍.