ആര്‍സിബി അവസാന ലീഗ് മത്സരത്തില്‍ 11 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സ് ഫൈനലില്‍. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റതോടെയാണ് ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി നേരിട്ട് ഫൈനലിലെത്തിയത്. മുംബൈക്ക് ജയിച്ചിരുന്നെങ്കില്‍ നേരിട്ട് ഫൈനല്‍ കടക്കാമായിരുന്നു. ലീഗ് മത്സരങ്ങള്‍ പുറത്തായപ്പോള്‍ ഡല്‍ഹിക്കും മുംബൈക്ക് 10 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഡല്‍ഹി ഒന്നാമതായി. മുംബൈ - ഗുജറാത്ത് ജെയന്റ്‌സ് എലിമിനേറ്ററിലെ വിജയികളെ ഡല്‍ഹി ഫൈനലില്‍ നേരിടും. 

ആര്‍സിബി അവസാന ലീഗ് മത്സരത്തില്‍ 11 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ആര്‍സിബിയുടെ 199 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 188 റണ്‍സില്‍ എത്താനേ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 69 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20 റണ്‍സിനും മലയാളിതാരം സജന സജീവന്‍ 12 പന്തില്‍ 23 റണ്‍സും നേടി. സ്‌നേഹ് റാണ മൂന്നും എല്ലിസ് പെറിയും കിം ഗ്രായും രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തെ, ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ആര്‍സിബി 199 റണ്‍സിലെത്തിയത്. 

സ്മൃതി 37 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ എല്ലിസ് പെറി 49 റണ്‍സുമായി പുറത്താവാതെ നിന്നു. റിച്ച ഘോഷ് 36ഉം ജോര്‍ജിയ 31ഉം റണ്‍സെടുത്തു. നാളെയാണ് എലിമിനേറ്റര്‍. ഫൈനല്‍ മത്സരം ശനിയാഴ്ച്ച മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാംപ്യന്മാരായ ആര്‍സിബി ഇത്തവണ നാലാം സ്ഥാനത്താണ് പൊരാട്ടം അവസാനിപ്പിച്ചത്. എട്ട് മത്സരങ്ങളില്‍ മൂന്നില്‍ മാത്രം ജയിച്ച ആര്‍സിബിക്ക് ആറ് പോയിന്റാണുള്ളത്. അവസാന സ്ഥാനത്തുള്ള യുപി വാരിയേഴ്‌സിനും ആറ് പോയിന്റാണുള്ളത്.