ജൊഹാനസ്ബര്‍ഗ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ടെങ്കില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹെര്‍ഷെല്‍ ഗിബ്സ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെ ഒരു ആരാധകന്റെ ചോദ്യത്തോടാണ് ഗിബ്സ് കോലിയെ തെരഞ്ഞെടുത്തത്.

നിലവിലെ താരങ്ങളിലും മുന്‍കാല താരങ്ങളിലും ഏറ്റവും പ്രിയപ്പെട്ട ഇന്ത്യ താരം ആരാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിനാണ് ഗിബ്സ് കോലിയെന്ന് മറുപടി നല്‍കിയത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും കോലിയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

കോലിയുടെ ക്യാപ്റ്റന്‍സി പാക് മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിയോടാണ് മഞ്ജരേക്കര്‍ താരതമ്യം ചെയ്തത്. വിരാട് കോലിക്ക് കീഴിലെ ഇന്ത്യ ഇമ്രാന്‍ ഖാന്റെ കീഴിലെ പാക് ടീമിനെ അനുസ്മരിപ്പിക്കുന്നുവെന്നായിരുന്നു മഞ്ജരേക്കറുടെ കമന്റ്. ടീം എന്ന നിലയില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇന്ത്യക്കാവുന്നുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.