രോഹിത്തിന്‍റെ കമന്‍റ് കേട്ട് സഹതാരങ്ങളും സഹീര്‍ ഖാനുമെല്ലാം ചിരിച്ചെങ്കിലും ചെറു ചിരിയോടെ നടന്നുപോയതല്ലാതെ ഷാര്‍ദ്ദുല്‍ മറുപടിയൊന്നും നല്‍കിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരം കൂടിയാണ് ഷാര്‍ദ്ദുല്‍.
ലക്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് സ്വപ്നം കാണുന്ന മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത പോരാട്ടം ലക്നൗ സൂപ്പര്‍ ജയന്‍റസുമായാണ്. നാളെ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈ-ലക്നൗ പോരാട്ടം. ഇരു ടീമുകളും വാംഖഡെയ സ്റ്റേഡിയത്തില്‍ കഠിന പരിശീലനത്തിലുമാണ്. ഇതിനിടെ മുംബൈ ഇന്ത്യൻസിന്‍റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ ലക്നൗ ടീം മെന്‍ററുമായ സഹീര്‍ ഖാനുമായി സൗഹൃദം പങ്കിടുന്നതിനിടെ ഗ്രൗണ്ടിലേക്ക് ലക്നൗ താരം ഷാര്‍ദ്ദുല്‍ വൈകിയെത്തിയപ്പോള്‍ രോഹിത് പറഞ്ഞ കമന്‍റാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്.
ഗ്രൗണ്ടിലേക്ക് പരിശിലീനത്തിനായി എത്തിയ ഷാര്‍ദ്ദുലിനോട് എന്താണ് ഹിറോ, വൈകി ഇങ്ങനെ വൈകി വരുന്നത്, ഇതെന്താ നിന്‍റെ വീടാണെന്ന് കരുതിയോ എന്നായിരുന്നു രോഹിത് ഉറക്കെ വിളിച്ചു ചോദിച്ചത്. രോഹിത്തിന്‍റെ കമന്‍റ് കേട്ട് സഹതാരങ്ങളും സഹീര്‍ ഖാനുമെല്ലാം ചിരിച്ചെങ്കിലും ചെറു ചിരിയോടെ നടന്നുപോയതല്ലാതെ ഷാര്‍ദ്ദുല്‍ മറുപടിയൊന്നും നല്‍കിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരം കൂടിയാണ് ഷാര്‍ദ്ദുല്‍.
നേരത്തെ നടന്ന ലക്നൗവുമായുള്ള എവേ മത്സരത്തില്‍ രോഹിത് മുംബൈക്കായി കളിച്ചിരുന്നില്ല. ഐപിഎല്ലിന്‍റെ ആദ്യ പകുതിയില്‍ മുംബൈക്കായി തിളങ്ങാന്‍ കഴിയാതിരുന്ന രോഹിത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ആദ്യ മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന രോഹിത്തിനെ ഇംപാക്ട് പ്ലേയറായാണ് മുംബൈ കളിപ്പിക്കുന്നത്. തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി തിളങ്ങിയ രോഹിത്തിനെ നാളെ ലക്നൗവിനെതിരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമോ എന്നാണിപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം, ഐപിഎല്‍ താരലലേത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി നടത്തിയ മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ പരിക്കേറ്റ പേസര്‍ മൊഹ്സിൻ ഖാന് പകരക്കാരനായാണ് ഐപിഎല്ലില്‍ ലക്നൗ ടീമിലെത്തിയത്. ലക്നൗവിനായി ഒമ്പത് കളികളില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദ്ദുല്‍ ആദ്യ പകുതിയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലായിരുന്നു. ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ പതിനൊന്നാം സ്ഥാനത്താണ് ഷാര്‍ദ്ദുല്‍.
