'നടാഷയും മകനും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, നിരവധി തവണ കണ്ടിട്ടുണ്ട്, നടാഷ നല്ല പെണ്‍കുട്ടിയാണ്'

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിവാഹനിശ്ചയം ആരാധകര്‍ക്കെല്ലാം സര്‍പ്രൈസായിരുന്നു. ആരാധകര്‍ക്ക് മാത്രമല്ല വീട്ടുകാര്‍ക്കും സംഭവം സര്‍പ്രൈസായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻ‌കോവിച്ചും മകനു തമ്മിലുള്ള വിവാഹനിശ്ചയം അറിഞ്ഞിരുന്നില്ലെന്ന് ഹിമാന്‍ഷു പാണ്ഡ്യ വ്യക്തമാക്കി.

'നടാഷ സ്റ്റാൻ‌കോവിച്ചും മകനും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, നിരവധി തവണ കണ്ടിട്ടുണ്ട്, നടാഷ നല്ല പെണ്‍കുട്ടിയാണ്, ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല, പക്ഷേ വിവാഹ നിശ്ചയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല' ഇങ്ങനെയായിരുന്നു ഹിമാന്‍ഷുവിന്‍റെ പ്രതികരണം.

പുതുവത്സര​ദിനത്തിൽ ദുബായിൽ വച്ചായിരുന്നു ഹർദിക്കിന്‍റെ വിവാഹനിശ്ചയം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഹർദ്ദിക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'എന്റെ വെടിക്കെട്ടോടെ ഈ പുതുവർഷം ആരംഭിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നടാഷയ്ക്കൊപ്പം കൈപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് ഹർദിക് പങ്കു‌വച്ചത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുമടക്കം നിരവധിയാളുകളാണ് ഹാർ‍ദിക്-നടാഷ ജോടികൾക്ക് ആശംസയർപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ നടുവിന് പരുക്കേറ്റതിന് ശേഷം വിശ്രമത്തിലാണിപ്പോൾ ഹർദിക് പാണ്ഡ്യ. ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനും എതിരായ ഇന്ത്യയുടെ പരമ്പരകളിൽ ഹർദിക് കളിച്ചിരുന്നില്ല. ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ ഹർദിക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.