കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്ന്‍ ഐപിഎല്ലില്‍ പുതിയ ചരിത്രം കുറിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തോടെ, ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശ താരമെന്ന കീറോണ്‍ പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ് (189) നരെയ്ന്‍ (190) മറികടന്നു.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശ താരം എന്ന റെക്കോര്‍ഡ് ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്‌ന് സ്വന്തം. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളത്തിലിറങ്ങിയതോടെയാണ് നരേന്‍ ഈ നേട്ടം കൈവരിച്ചത്. ഐപിഎല്ലില്‍ നരെയ്‌നിന്റെ 190-ാം മത്സരമാണിത്. വെസ്റ്റ് ഇന്‍ഡീസ് താരം തന്നെയായ കീറോണ്‍ പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡാണ് നരേന്‍ മറികടന്നത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 189 മത്സരങ്ങളാണ് പൊള്ളാര്‍ഡ് കളിച്ചിട്ടുള്ളത്. കൗതുകകരമായ വസ്തുത, ഐപിഎല്ലില്‍ താന്‍ കളിച്ച 190 മത്സരങ്ങളിലും നരേന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മാത്രമാണ് കളിച്ചതെന്നുള്ളതാണ്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരങ്ങള്‍
190 - സുനില്‍ നരേന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)*
189 - കീറോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)
184 - എബി ഡി വില്ലിയേഴ്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു)
184 - ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
161 - ഡ്വെയ്ന്‍ ബ്രാവോ (ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഗുജറാത്ത് ലയണ്‍സ്, മുംബൈ ഇന്ത്യന്‍സ്)
കെകെആറിന്റെ വിശ്വസ്തന്‍
2012-ലെ ലേലത്തില്‍ 3.4 കോടി രൂപയ്ക്കാണ് നരെയ്‌നെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. അന്ന് മുംബൈ ഇന്ത്യന്‍സുമായുള്ള കടുത്ത ലേലം വിളിക്കൊടുവിലായിരുന്നു നരെയ്ന്‍ കൊല്‍ക്കത്തയിലെത്തിയത്. തന്റെ ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ കൂടി നരേന്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം നേടി. ഒരു മിസ്റ്ററി സ്പിന്നറില്‍ നിന്നും ബാറ്റിംഗിലും തിളങ്ങുന്ന മികച്ചൊരു ഓള്‍റൗണ്ടറായി നരേന്‍ പരിണമിക്കുന്നതിനാണ് ഐപിഎല്‍ സാക്ഷ്യം വഹിച്ചത്.
കൊല്‍ക്കത്തയ്ക്കായി 190 മത്സരങ്ങളില്‍ ഇറങ്ങിയ താരം 187 ഇന്നിംഗ്സുകളില്‍ നിന്ന് 192 വിക്കറ്റുകള്‍ വീഴ്ത്തി. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. ബാറ്റിംഗില്‍ 122 ഇന്നിംഗ്സുകളില്‍ നിന്ന് 1,780 റണ്‍സും സ്വന്തമാക്കി. ഒരു സെഞ്ച്വറിയും, 7 അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 2024 സീസണിലായിരുന്നു നരേന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് 488 റണ്‍സും 17 വിക്കറ്റുകളും താരം നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 ലേലത്തിന് മുന്നോടിയായി 12 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നരേനെ നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 246 റണ്‍സും 12 വിക്കറ്റുകളും മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ.

