ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാനാവുന്ന സാഹചര്യമല്ല നിലവിലുള്ളത് എന്ന് രോഹിത് ശര്‍മ്മ

മുംബൈ: 2022ലെ ട്വന്‍റി 20 ലോകകപ്പ് തോല്‍വിക്ക് ശേഷം നായകന്‍ രോഹിത് ശര്‍മ്മ ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. നിലവില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലും രോഹിത്തില്ല. രോഹിത് ശര്‍മ്മയ്‌ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇപ്പോള്‍ ഇന്ത്യന്‍ ട്വന്‍റി 20 ടീമിനെ നയിക്കുന്നത്. രോഹിത്തിനെ കൂടാതെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായില്ല. എന്തുകൊണ്ടാണ് ഇരുവരും കുട്ടിക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്? 

'ഇപ്പോള്‍ ഏകദിന ലോകകപ്പിലാണ് ശ്രദ്ധ മുഴുവന്‍. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാനാവില്ല. തിരക്കുപിടിച്ച മത്സരക്രമമാണ് ടീമിന് മുന്നിലുള്ളത്. അതിനാല്‍ ചില താരങ്ങള്‍ക്ക് കൃത്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഞാന്‍ ആ വിഭാഗത്തിലാണ് വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ച് കാലമായി വലിയ ചര്‍ച്ച നടക്കുന്ന കാര്യമാണ് വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റ്. ഏകദിന ലോകകപ്പ് പദ്ധതികളില്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളുടെ ഫിറ്റ്‌നസ് നിര്‍ണായകമാണ്. അതിനാലാണ് ട്വന്‍റി 20 സ്‌ക്വാഡില്‍ നിന്ന് സെലക്‌ടര്‍മാര്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തുന്നത്' എന്നുമാണ് രോഹിത് ശര്‍മ്മയുടെ പ്രതികരണം. അമേരിക്കയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റതോടെ രോഹിത് ശര്‍മ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ മുന്‍നിരയ്‌ക്ക് ബാറ്റിംഗില്‍ തിളങ്ങാനാവാതെ വരുന്നതോടെ കോലി, രോഹിത് എന്നിവരുടെ വില ടീം തിരിച്ചറിയണം എന്ന് അഭിപ്രായപ്പെടുന്ന ആരാധകരുണ്ട്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലിനും പുറമെ മൂന്നാമന്‍ സൂര്യകുമാര്‍ യാദവും മോശം പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഓള്‍റൗണ്ടറായി ജഡേജയോളം ഇംപാക്‌ടുള്ള മറ്റൊരു താരം ഇന്ത്യന്‍ ടീമിലില്ല എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതീക്ഷിക്കുന്ന മികവിലേക്ക് ഉയരാന്‍ ഇതുവരെ അക്‌സര്‍ പട്ടേലിനായിട്ടില്ല. 

Read more: 'ഇന്ത്യന്‍ തോല്‍വികള്‍ക്ക് കാരണം വാലറ്റം, കളി ജയിപ്പിക്കാന്‍ പറ്റുന്നില്ല'; ന്യൂനത തുറന്നുപറഞ്ഞ് വസീം ജാഫര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം