ബാറ്റിംഗിന്‍റെ കാര്യമെടുത്താല്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മാത്രം 297 റണ്‍സടിച്ചിട്ടുള്ള മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ഇന്‍ഡോറില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍. മായങ്ക് അഗര്‍വാള്‍(243), വിരാട് കോലി(228) എന്നിവരാണ് ഇന്‍ഡോറിലെ റണ്‍വേട്ടയില്‍ ആദ്യ മൂന്നില്‍.

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് വേദിയാവേണ്ടിയിരുന്നത് ശരിക്കും ധരംശാലയായിരുന്നു. എന്നാല്‍ നവീകരണം കഴിഞ്ഞ് മത്സരസജ്ജമാകാത്തതിനാല്‍ അവസാന നിമിഷമാണ് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലേക്ക് മൂന്നാം ടെസ്റ്റ് വേദി മാറ്റിയത്. നാളെ മൂന്നാം ടെസ്റ്റിന് ഇന്‍ഡോറിലിറങ്ങുമ്പോള്‍ ഓസ്ട്രേലിയ പേടിക്കുന്നത് ഇന്‍ഡോറിലെ ഇന്ത്യയുടെ മികച്ച റെക്കോര്‍ഡിനെയാണ്.

ഇതുവരെ രണ്ട് ടെസ്റ്റുകള്‍ക്ക് മാത്രമാണ് ഇന്‍ഡോര്‍ വേദിയായത്. 2016 ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത് 321 റണ്‍സിന്. 2019ല്‍ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ ഇന്ത്യന്‍ ജയം ഇന്നിംഗ്സിനും 130 റണ്‍സിനും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി പേസിനും സ്പിന്നും തുല്യ പിന്തുണ ലഭിക്കുന്ന പിച്ചാകും ഇന്‍ഡോറിലേതെന്നാണ് വിലയിരുത്തലെങ്കിലും ഓസ്ട്രേലിയയെ പേടിപ്പിക്കുന്നത് ഇതൊന്നുമല്ല.

അവരുടെ പേടി സ്വപ്നമായ ആര്‍ അശ്വിന്‍റെ ഇന്‍ഡോറിലെ റെക്കോര്‍ഡ് തന്നെയാണ്. ഇന്‍ഡോറില്‍ കളിച്ച രണ്ട് ടെസ്റ്റില്‍ നിന്നായി അശ്വിന്‍ വീഴ്ത്തിയത് 18 വിക്കറ്റുകളാണ്. ബൗളിംഗ് ശരാശരിയാകട്ടെ 12.ഇതില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ നേടിയ 13 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ആദ്യ ഇന്നിംഗ്സില്‍ ആറും രണ്ടാം ഇന്നിംഗ്സില്‍ ഏഴും വിക്കറ്റുകളാണ് ന്യൂസിലന്‍ഡിനെതിരെ അശ്വിന്‍ എറിഞ്ഞിട്ടത്.

ബാറ്റിംഗിന്‍റെ കാര്യമെടുത്താല്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മാത്രം 297 റണ്‍സടിച്ചിട്ടുള്ള മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ഇന്‍ഡോറില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റര്‍. മായങ്ക് അഗര്‍വാള്‍(243), വിരാട് കോലി(228) എന്നിവരാണ് ഇന്‍ഡോറിലെ റണ്‍വേട്ടയില്‍ ആദ്യ മൂന്നില്‍. 2019ല്‍ ബംഗ്ലാദേശിനെതിരെ മായങ്ക് അഗര്‍വാള്‍ നേടിയ 243 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

എന്നാല്‍ ഹോള്‍ക്കറിലെ ആദ്യ ഇരട്ട സെഞ്ചുറിക്കാരന്‍ മായങ്ക് അല്ല, അത് വിരാട് കോലിയാണ്. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ കോലി 211 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ രഹാനെ 188 റണ്‍സടിച്ചു.ഇരുവരുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ നേടിയ 557 റണ്‍സാണ് ഇവിടുത്തെ ഉയര്‍ന്ന സ്കോര്‍. പൂജാരക്കും ഇന്‍ഡോറില്‍ സെഞ്ചുറി പ്രകടനം ഉണ്ട്. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 101 റണ്‍സടിച്ച് പൂജാര തിളങ്ങിയിരുന്നു.

ബംഗ്ലാദേശിനെതിരെ 2019ല്‍ നടന്ന ടെസ്റ്റില്‍ കോലി പൂജ്യത്തിന് പുറത്തായപ്പോള്‍ രഹാനെ 88 റണ്‍സടിച്ച് തിളങ്ങി. പൂജാരയും(54) ജഡേജയും(60) അര്‍ധസെഞ്ചുറികള്‍ നേടി. 243 റണ്‍സടിച്ച് മായങ്ക് ടോപ് സ്കോററായപ്പോള്‍ ഷമി മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. അശ്വിന്‍ ആദ്യ ഇന്നിംഗ്സില്‍ രണ്ടും രണ്ടാം ഇന്നിംഗസില്‍ മൂന്നും വിക്കറ്റെടുത്തു.

353 റണ്‍സാണ് ഇന്‍ഡോറിലെ ശരാശറി ആദ്യ ഇന്നിംഗ്സ് സ്കോര്‍.മത്സരത്തിന്‍റെ രണ്ടും മൂന്നും ദിവസങ്ങളാണ് ഇന്‍ഡോറില്‍ ബാറ്റിംഗിന് ഏറ്റവും അനുകൂലം.396 റണ്‍സാണ് രണ്ടാം ഇന്നിംഗ്സിലെ ശരാശരി സ്കോര്‍.മൂന്നാം ഇന്നിംഗ്സില്‍ 214ഉം നാലാം ഇന്നിംഗ്സില്‍ 153 ഉം ആണ് ഇന്‍ഡോറിലെ ശരാശരി ടീം സ്കോര്‍.