ഓക്‌ലന്‍ഡ്: ലോക ക്രിക്കറ്റില്‍ സ്ഥിരതയോടെ പന്തെറിയുന്ന പേസര്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമെ കാണൂ. ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ബൂമ്രയുടേത്. രണ്ട് മത്സരങ്ങളിലും കുറഞ്ഞ റണ്‍സാണ് ബൂമ്ര വിട്ടുകൊടുത്തത്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ന്യൂസിലന്‍ഡിനു ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്.

ഇതിനിടെ രസകരമായ പ്രസ്താവന നടത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. ബൂമ്രയ്ക്ക് മോശം മത്സരങ്ങള്‍ ഉണ്ടാവട്ടെയെന്നാണ് ഗപ്റ്റില്‍ പറയുന്നത്. രണ്ടാം ടി20ക്ക് ശേഷം സംസാരിക്കുകയായിരുന്നു താരം. ഗപ്റ്റില്‍ പറയുന്നതിങ്ങനെ... ''ഡെത്ത് ഓവറുകളില്‍ ബൂമ്ര അസാമാന്യ മികവ് പുറത്തെടുക്കുന്നു. അദ്ദേഹത്തിന്റെ പന്തുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. മനോഹരമായി സ്ലോ ബൗളും ബൗണ്‍സറും എറിയാന്‍ ബൂമ്രയ്ക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളില്‍ ബൂമ്രയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കട്ടെ.'' ഗപ്റ്റില്‍ പറഞ്ഞുനിര്‍ത്തി.

രണ്ടാം ടി20യില്‍ പിച്ച് കൂടുതല്‍ സ്ലോ ആയിരുന്നുവെന്നും ഇത് സ്പിന്നര്‍മാരെ ഏറെ സഹായിച്ചുവെന്നും ഗപ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 29നാണ് പരമ്പരയിലെ മൂന്നാം മത്സരം.