Asianet News MalayalamAsianet News Malayalam

'വേണം രോഹിത് ക്യാപ്റ്റനായി, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു'; പ്രതീക്ഷ പങ്കുവെച്ച് കൈഫ്

ഫ്ലോറിഡയില്‍ നാളെയാണ് അഞ്ച് ടി20കളുടെ പരമ്പരയിലെ നാലാം മത്സരം. മൂന്നാം ടി20ല്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.

Hoping Rohit Sharma injury is not serious says Mohammad Kaif ahead WI vs IND 4th T20I
Author
Florida, First Published Aug 5, 2022, 12:33 PM IST

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യ്ക്കിടെ(WI vs IND) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക്(Rohit Sharma) പരിക്കേറ്റത് ഗുരുതരമല്ലെന്ന് കരുതുന്നതായി മുന്‍താരം മുഹമ്മദ് കൈഫ്(Mohammad Kaif). യുവ ഇന്ത്യന്‍ ടീമിന് രോഹിത് ശര്‍മ്മയെ ക്യാപ്റ്റനായി അവശേഷിക്കുന്ന മത്സരങ്ങളിലും വേണമെന്നും കൈഫ് ട്വീറ്റ് ചെയ്തു. 

മൂന്നാം ടി20യില്‍ വ്യക്തിഗത സ്‌കോര്‍ 11ല്‍ നില്‍ക്കേയാണ് രോഹിത് ശര്‍മ്മയ്‌ക്ക് പരിക്കേറ്റത്. ഹിറ്റ്‌മാനെ ഫിസിയോ കമലേഷ് മൈതാനത്തെത്തി പരിശോധിച്ചെങ്കിലും വേദന അനുഭവപ്പെട്ട താരം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാതെ മടങ്ങി. പിന്നീട് ബാറ്റിംഗിന് താരം ഇറങ്ങിയുമില്ല. ഇപ്പോള്‍ ഓക്കെയാണ്, അടുത്ത മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ പരിക്ക് മാറും എന്നാണ് പ്രതീക്ഷയെന്ന് മത്സര ശേഷം രോഹിത് വ്യക്തമാക്കിയിരുന്നു. രോഹിത്തിനെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണ് എന്ന് ബിസിസിഐ ഉടനടി ട്വീറ്റ് ചെയ്തെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച് ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിട്ടില്ല. 

ഫ്ലോറിഡയില്‍ നാളെയാണ് അഞ്ച് ടി20കളുടെ പരമ്പരയിലെ നാലാം മത്സരം. മൂന്നാം ടി20ല്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. മത്സരത്തില്‍ രോഹിത് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഹിറ്റ്‌മാന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ച് ബിസിസിഐയുടെ അറിയിപ്പ് വരേണ്ടതുണ്ട്. 

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന മികച്ച നിലയിലെത്തി. എന്നാല്‍ സൂര്യകുമാര്‍ ബാറ്റ് കൊണ്ട് ഉദിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയക്കൊടി പാറിച്ചു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ ഇന്ത്യയുടെ വിജയശില്‍പിയായി. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ മനോഹര ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ 24 ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തതും ജയത്തില്‍ നിര്‍ണായകമായി. ഓഗസ്റ്റ് ഏഴിന് പരമ്പരയിലെ അവസാന മത്സരം ഫ്ലോറിഡയില്‍ തന്നെ നടക്കും. 

സഞ്ജുവൊക്കെ ടീമിലില്ലേ; പരിക്കേറ്റ രോഹിത് ശര്‍മ്മ വിശ്രമിച്ചാലും പ്രശ്‌നമില്ലെന്ന് പാക് മുന്‍താരം

Latest Videos
Follow Us:
Download App:
  • android
  • ios