രോഹിത്തിന്‍റെ വേദനയറിയാം, അടുത്ത രണ്ട് ടി20കളില്‍ താരം വിശ്രമിച്ചാലും പ്രശ്‌നമില്ല, പകരം ടീമിനെ നയിക്കാന്‍ സഞ്ജുവൊക്കെ ഇല്ലേയെന്ന് ഡാനിഷ് കനേറിയ

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ടി20ക്കിടെ(WI vs IND) പരിക്കേറ്റ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. ആവശ്യമെങ്കില്‍ രോഹിത് അടുത്ത മത്സരങ്ങളില്‍ വിശ്രമമെടുക്കുകയാണ് വേണ്ടതെന്നും താരത്തെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യക്ക് ആവശ്യമാണെന്നും പാക് മുന്‍താരം ഡാനിഷ് കനേറിയ(Danish Kaneria) പറഞ്ഞു. രോഹിത്തിന് പകരം ഇന്ത്യയെ നയിക്കാന്‍ മാച്ച് വിന്നര്‍മാര്‍ കൂടിയായ സഞ്ജു സാംസണെ(Sanju Samson) പോലുള്ള താരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

'രോഹിത് ശര്‍മ്മ ഒരു ബൗണ്ടറി നേടിയ ശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം കണ്ടാലറിയാം വേദന എത്രത്തോളമുണ്ടെന്ന്. രോഹിത് ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കണം. അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്തിന് വിശ്രമം ആവശ്യമെങ്കില്‍ ടീമിന് പ്രശ്‌നം വരില്ല. ടീം ഇന്ത്യക്ക് രോഹിത്തിനെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ആവശ്യമാണ്. രോഹിത് വിശ്രമമെടുത്താലും മാച്ച് വിന്നര്‍മാരും ക്യാപ്റ്റന്‍സി ഓപ്‌ഷനുകളുമായ ശ്രേയസ് അയ്യരും സഞ്ജു സാംസണും റിഷഭ് പന്തും ടീമിലുണ്ട്' എന്നും കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

പരിക്ക് നിലവില്‍ അത്ര പ്രശ്‌നമല്ലെന്നും അടുത്ത മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ ഭേദമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശര്‍മ്മ മത്സരശേഷം വ്യക്തമാക്കിയിരുന്നു. ബാറ്റിംഗിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് പിന്നീട് ക്രീസിലിറങ്ങിയില്ല. എങ്കിലും മത്സരത്തില്‍ വിജയിച്ച് ഇന്ത്യ അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായ സൂര്യകുമാര്‍ യാദവിനെ കനേറിയ പ്രശംസിച്ചു. സമകാലിക ക്രിക്കറ്റില്‍ സൂര്യയേക്കാള്‍ മികച്ച രീതിയില്‍ ഫ്ലിക് ഷോട്ടുകള്‍ കളിക്കുന്ന താരമുണ്ടാവില്ല എന്നാണ് കനേറിയയുടെ പ്രശംസ. 

വിന്‍ഡീസ്-ഇന്ത്യ ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഫ്ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കുക. താരങ്ങളില്‍ പലര്‍ക്കും അമേരിക്കന്‍ വീസ ലഭിക്കാത്തത് മത്സരങ്ങള്‍ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. വീസ ലഭിക്കാത്തതിനാല്‍ രണ്ട് ദിവസമായി ഇരു ടീമുകളിലേയും ചില താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റേയും യാത്ര അനിശ്ചിതത്വത്തിലായിരുന്നു.

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ലീഡെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ 24ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തു. തന്‍റെ സ്‌കോര്‍ 11 റണ്‍സില്‍ നില്‍ക്കേയാണ് രോഹിത് ശര്‍മ്മ പരിക്കേറ്റ് പിന്‍മാറിയത്. 

'അവന്‍ ഭാവി ടി20 നമ്പര്‍ 1, ലോകകപ്പ് ടീമിലുള്‍പ്പെടുത്തൂ'; യുവതാരത്തിനായി വാദിച്ച് കൃഷ്‌ണമചാരി ശ്രീകാന്ത്