നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തി. അജിത് അഗാർക്കറുടെ പടിയിറക്കത്തിന് ശേഷം പ്രഗ്യാൻ ഓജയുടെ ഇടപെടലാണ് താരത്തിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയത്.
മുംബൈ: നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിരിക്കുകയാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഈ മാസം അവസാനം ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് 36 കാരനായ ഭുവനേശ്വര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരം, പവര്‍പ്ലേയില്‍ തന്റെ സ്വിങ് കൊണ്ടും സീം മൂവ്‌മെന്റ് കൊണ്ടും എതിരാളികളെ വിറപ്പിച്ചിരുന്നു.
അജിത് അഗാര്‍ക്കര്‍ സെലക്ടര്‍മാരുടെ ചെയര്‍മാനായിരുന്ന സമയത്ത് ഭുവനേശ്വറിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയിരുന്നില്ല. എന്നാല്‍ അഗാര്‍ക്കറുടെ പടിയിറക്കത്തിന് ശേഷം ഇടക്കാല സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രഗ്യാന്‍ ഓജയുടെയും മറ്റ് സെലക്ടര്‍മാരുടെയും അനുവാദത്തോടെയാണ് താരത്തിന്റെ മടങ്ങിവരവ് സാധ്യമായത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വറിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാകും. കൂടാതെ, 2028ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമിലുള്ള മയങ്ക് യാദവ്, പ്രിന്‍സ് യാദവ് തുടങ്ങിയ യുവതാരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഭുവനേശ്വറിന് സാധിക്കും. ഏഷ്യന്‍ ഗെയിംസിന് ശേഷം പരിക്കുമൂലം വിട്ടുനിന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം നടക്കുന്നത്. ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കും.
ഒക്ടോബര്‍ 22, 24: ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ (ക്രൈസ്റ്റ് ചര്‍ച്ച്)
ഒക്ടോബര്‍ 27: മൂന്നാം ടി20 (വെല്ലിംഗ്ടണ്‍)
ഒക്ടോബര്‍ 30: നാലാം ടി20 (ഓക്ക്‌ലാന്‍ഡ്)
നവംബര്‍ 1: അഞ്ചാം ടി20 (ഹാമില്‍ട്ടണ്‍)
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

