ക്രിക്കറ്റ് എന്നത് 'ജെന്റിൽമാൻസ് ഗെയിം' ആണെങ്കിൽ അതിലെ 'ദ പെർഫെക്ട് മാൻ' എന്ന് വേണമെങ്കിൽ വിളിക്കാവുന്നത്ര സൗമ്യശീലനാണ് രാഹുൽ ദ്രാവിഡ്. ഫീൽഡിൽ എന്തൊക്കെ പ്രകോപനങ്ങൾ എതിർ ടീമിലെ കളിക്കാരിൽ നിന്നുണ്ടായാലും അതിനോടൊന്നും ഉരുളക്കുപ്പേരി എന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരനല്ല ദ്രാവിഡ്. ഫീൽഡിൽ അല്ലാത്തപ്പോഴും ഒരു തികഞ്ഞ മാന്യൻ തന്നെയാണ് ദ്രാവിഡ്. ആ ദ്രാവിഡിന്റെ കോപത്തിന് ഒരാൾ ഇരയാവുക. അത് സങ്കൽപ്പിക്കാൻ പോലും ആകാത്ത കാര്യമാണ്. 

എന്നാൽ, അങ്ങനെ ഏറെക്കുറെ അസാധ്യമായ ഒരു കാര്യം താൻ ഒരു കത്തെഴുതി സാധിച്ചു എന്ന് സുപ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ അവകാശപ്പെടുന്നു. ഹാർപ്പർ കോളിൻസ് ഇന്ത്യ പുറത്തിറക്കിയ തന്റെ The Commonwealth of Cricket: A Lifelong Love Affair with the Most Subtle and Sophisticated Game Known to Humankind എന്ന ഏറ്റവും പുതിയ പുസ്തകത്തിലാണ് ഗുഹ ഈ അനുഭവം വിവരിക്കുന്നത്.  

 

 

സംഭവം നടക്കുന്നത് 2007 ലാണ്. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുന്ന കാലം. രാഹുൽ ദ്രാവിഡായിരുന്നു അന്ന് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. അന്ന് ദ്രാവിഡ് ഫീൽഡ് ചെയ്യാൻ നിൽക്കുക തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥാനമായ സ്ലിപ്പിൽ ആയിരിക്കും എന്നും മറ്റു പല ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെപ്പോലെ രാമചന്ദ്ര ഗുഹയും പ്രതീക്ഷിച്ചു. എന്നാൽ, അതുണ്ടായില്ല. ബൗളർക്ക് വേണ്ട ഉപദേശങ്ങൾ നൽകാനുള്ള സൗകര്യം പ്രമാണിച്ച് ദ്രാവിഡ് നിന്നത് മിഡ് ഓഫിൽ ആയിരുന്നു. അതുകൊണ്ടെന്തുണ്ടായി..? സ്ലിപ്പിൽ ദ്രാവിഡ് നിന്നിരുന്നെങ്കിൽ പുഷ്പം പോലെ എടുത്തേക്കുമായിരുന്ന രണ്ടോ മൂന്നോ കാച്ച് ദ്രാവിഡിന് പകരം സ്ലിപ്പിൽ നിന്ന കളിക്കാരൻ വിട്ടുകളഞ്ഞു. 

ഈ സംഭവം രാമചന്ദ്ര ഗുഹയ്ക്ക് വല്ലാത്ത ഈർഷ്യയാണ് സമ്മാനിച്ചത്. ബാംഗ്ലൂരിലെ തന്റെ വീട്ടിൽ ഇരുന്ന് ഗുഹ ഒരു ഇമെയിൽ സന്ദേശത്തിൽ ദ്രാവിഡിനെഴുതി, 

" പ്രിയ രാഹുൽ, 

അങ്ങ് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. ഇന്ത്യയിൽ നിന്ന് വന്നിട്ടുള്ള ഏറ്റവും മികച്ച സ്ലിപ്പ് ഫീൽഡറും ഒരുപക്ഷെ അങ്ങുതന്നെ ആയിരിക്കും. ടെസ്റ്റോ ഏകദിനമോ, ഫോർമാറ്റ് ഏതുമാവട്ടെ, അങ്ങ് സ്ലിപ്പിൽ തന്നെ നിൽക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം. ബൗളർമാരെ ഇടയ്ക്കിടെ ഉപദേശിക്കാൻ വേണ്ടിയാണ് ഇപ്പോൾ മിഡ് ഓഫിൽ ചെന്ന് നിൽക്കുന്നത് എന്ന് മനസ്സിലായി. എന്നിരുന്നാലും,എന്നിരുന്നാലും, അങ്ങ് തിരികെ സ്ലിപ്പിൽ തന്നെ വന്നു നിൽക്കുന്നതാണ് ടീമിനും അങ്ങേക്കും നല്ലത്. അങ്ങില്ലാത്തത്തുകൊണ്ടാണ് ഇന്നത്തെപ്പോലെ ഇങ്ങനെ ഉറപ്പായും എടുക്കേണ്ട കാച്ചുകൾ ഡ്രോപ്പാകുന്നത്.

സസ്നേഹം

രാം" 


രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രാമചന്ദ്ര ഗുഹക്ക് രാഹുൽ ദ്രാവിഡിൽ നിന്നുള്ള മറുപടി വന്നെത്തി. എന്നാൽ ആ മറുപടിയിൽ, ആദ്യത്തെ കത്തിൽ ഗുഹ പറഞ്ഞ ക്രിക്കറ്റിന്റെ ഒരു പരാമർശം പോലും ഉണ്ടായിരുന്നില്ല. മറിച്ച്, ആയിടെ പുറത്തുവന്ന ഗുഹയുടെ ചരിത്രസംബന്ധിയായ പുസ്തകം വായിച്ചു എന്ന് ദ്രാവിഡ് ആ കത്തിലെഴുതി. " അങ്ങ് പറഞ്ഞത് ശരിയാണ്. നമ്മളിൽ പലരുടെയും ചരിത്ര ബോധം ഗാന്ധിജിയിൽ അവസാനിക്കുന്നതാണ്. ഗാന്ധിജി മരിച്ചിട്ട് അറുപതിലധികം വർഷങ്ങളായി. അതിനു ശേഷവും നമ്മുടെ ചരിത്രത്തിൽ പലതും സംഭവിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ 180 പേജോളം വായിച്ചു തീർത്തു. വലിയ പുസ്തകമാണ്, ഇനിയും എമ്പാടു പേജുകളുണ്ട് വായിച്ചു തീർക്കാൻ. മുഴുവൻ വായിച്ചിട്ട് പുസ്തകത്തെപ്പറ്റി അങ്ങയുടെ ദീർഘമായി ചർച്ച ചെയ്യണം എന്നുണ്ട്"  എന്നായിരുന്നു ദ്രാവിഡിന്റെ ആ മറുപടി ഈമെയിലിലെ വരികൾ. 

രാഹുൽ ദ്രാവിഡിന് ക്രിക്കറ്റിങ് തന്ത്രങ്ങളെപ്പറ്റി താൻ കൊടുത്ത ഉപദേശം അനാവശ്യവും അനവസരത്തിലുള്ളതും ആയിരുന്നു എന്ന് ഗുഹ സമ്മതിക്കുന്നു. ഒരു മീഡിയം പേസ് ബൗളറിൽ നിന്ന് വന്ന ബൗൺസറിനെ നിമിഷാർദ്ധം കൊണ്ട് ബൗണ്ടറി കടത്തുന്ന അതെ ലാഘവത്തോടെ ദ്രാവിഡ് തന്റെ ആ ഉപദേശത്തെയും സിക്സിന് പറത്തി എന്നും ഗുഹ സമ്മതിക്കുന്നു. ക്രിക്കറ്റിന്റെ തന്ത്രങ്ങൾ എന്നെ പഠിപ്പിക്കാൻ വരണ്ട, ചരിത്രകാരൻ പോയി ചരിത്രം എഴുതാൻ നോക്ക് എന്ന് എത്ര മേൽ സൗമ്യമായി പറയാമോ അത്രക്ക് സൗമ്യതയോടെ തന്നെ പറയുകയായിരുന്നു ദ്രാവിഡ് തന്റെ മറുപടി സന്ദേശത്തിലൂടെ എന്ന് ഗുഹ തന്റെ പുസ്തകത്തിൽ എഴുതുന്നു.