വിക്കറ്റ് കീപ്പര്‍ ഫിനിഷര്‍ എന്ന നിലയില്‍ ജിതേഷ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലെത്താന്‍ യോഗ്യനായിരുന്നെങ്കിലും ഫിനിഷറായി ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ടീമിലുണ്ട് എന്നതും സഞ്ജുവിന് ടോപ് ഓര്‍ഡറിലും ബാറ്റ് ചെയ്യാനാവുമെന്നതും സെലക്ടര്‍മാര്‍ പരിഗണിച്ചു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന്‍റെ മടങ്ങിവരവും ഐപിഎല്ലില്‍ തിളങ്ങിയ പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ പുറത്താകലും വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ ശ്രീലങ്കക്കും ന്യൂസിലന്‍ഡിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഇടം നേടിയിരുന്നെങ്കിലും ജിതേഷ് ശര്‍മക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഒറ്റ മത്സരം പോലും കളിപ്പിക്കാതെ ജിതേഷ് ശര്‍മയെ തഴഞ്ഞതിനെതിരെ ആണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഐപിഎല്ലില്‍ ഫിനിഷറെന്ന നിലയില്‍ സഞ്ജുവിനെക്കാള്‍ തിളങ്ങിയതും ശ്രദ്ധപിടിച്ചുപറ്റിയതും ജിതേഷ് ശര്‍മയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ജിതേഷ് ശര്‍മ തഴയപ്പെട്ടു എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ജിതേഷ് ശര്‍മ ടീമിലെത്തിയത്.

അടി തുടങ്ങിയിട്ടേയുള്ളൂ; ടീം സെലക്ഷന് പിന്നാലെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍

തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമിലും ജിതേഷിനെ നിലനിര്‍ത്തി. എന്നാല്‍ സഞ്ജു പരിക്ക് മാറി തിരിച്ചെത്തിയതോടെ സെലക്ടര്‍മാരുടെ ആദ്യ പരിഗണന സഞ്ജുവിനായി. വിക്കറ്റ് കീപ്പര്‍ ഫിനിഷര്‍ എന്ന നിലയില്‍ ജിതേഷ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിലെത്താന്‍ യോഗ്യനായിരുന്നെങ്കിലും ഫിനിഷറായി ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ടീമിലുണ്ട് എന്നതും സഞ്ജുവിന് ടോപ് ഓര്‍ഡറിലും ബാറ്റ് ചെയ്യാനാവുമെന്നതും സെലക്ടര്‍മാര്‍ പരിഗണിച്ചു. ഇതിന് പുറമെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ ടീമിലുള്ളതും മൂന്നാമതൊരു കീപ്പറെ ഉള്‍പ്പെടുത്തുന്നതിന് തടസമായി.

വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേശ് ഖാൻ, മുകേഷ് കുമാർ.