ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ സമനിലയിലാവുകയോ തോല്‍ക്കുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക ഫലത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ ഫൈനല്‍ സാധ്യത
അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികള്‍ക്ക് നാളെ തിങ്കളാഴ്ച ചങ്കിടിപ്പിന്‍റെ ദിനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് നാളത്തെ ഫലങ്ങള്‍ നിർണായകമാണ്. അഹമ്മദാബാദ് ടെസ്റ്റില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ഫൈനലിലെത്താമെങ്കിലും നിലവിലെ സാഹചര്യത്തില്‍ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത. ഇന്ത്യ നാളെ ഓസീസിനോട് സമനില വഴങ്ങുകയും ക്രൈസ്റ്റ് ചർച്ചില്‍ കിവികള്‍ക്കെതിരെ ലങ്ക ജയിക്കുകയും ചെയ്താല്‍ ഫൈനലില്‍ ഓസ്ട്രേലിയയുടെ എതിരാളി ആരെന്നറിയാന്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക രണ്ടാം ടെസ്റ്റ് കഴിയും വരെ കാത്തിരിക്കേണ്ടിവരും.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ സമനിലയിലാവുകയോ തോല്‍ക്കുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക ഫലത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ ഫൈനല്‍ സാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റിലും ജയിക്കണം. നിലവില്‍ കിവികള്‍ക്കെതിരായ ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് നേരിയ വിജയ പ്രതീക്ഷയുണ്ട്. ന്യൂസിലന്‍ഡ്-ശ്രീലങ്ക ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. അവസാന ദിവസമായ നാളെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 9 വിക്കറ്റ് ബാക്കിനിൽക്കെ 257 റൺസ് വേണം. ഒരു വിക്കറ്റിന് 28 റൺസെന്ന നിലയിലാണ് കിവിസ് നാലാം ദിനം അവസാനിപ്പിച്ചത്. 11 റൺസുമായി ടോം ലാഥവും ഏഴ് റൺസുമായി കെയ്ന്‍ വില്യംസനുമാണ് ക്രീസിൽ. അഞ്ച് റൺസെടുത്ത ദേവൺ കോൺവേയെ രജിത പുറത്താക്കി.
മറുവശത്ത് അഹമ്മദാബാദില്‍ ഇന്ത്യ-ഓസീസ് നാലാം ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്കാണ് യാത്ര. വളരെ വിദൂരമായ വിജയ സാധ്യതയേ ഇന്ത്യക്കുള്ളൂ. ആദ്യ ഇന്നിംഗ്സില്‍ ഓസീസിന്‍റെ 480 റണ്‍സ് പിന്തുടർന്ന ഇന്ത്യക്ക് 91 റണ്‍സ് ലീഡാണ് നേടാന്‍ സാധിച്ചത്. നാലാം ദിവസം കളിനിർത്തുമ്പോൾ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമാവാതെ മൂന്ന് റൺസെടുത്തിട്ടുണ്ട്. നാളെ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച ഉണ്ടായില്ലെങ്കിൽ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചേക്കും. അഹമ്മദാബാദിലെ മത്സരം സമനിലയിലാവുകയും ക്രൈസ്റ്റ് ചർച്ചില്‍ ന്യൂസിലന്‍ഡിനെ ശ്രീലങ്ക തോല്‍പിക്കുകയും ചെയ്താല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന രണ്ടാം ടീം ആരെന്ന് അറിയാന്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക രണ്ടാം ടെസ്റ്റ് തീരും വരെ കാത്തിരിക്കണം. എന്നാല്‍ നാളെ ലങ്ക സമനിലയാവുകയോ തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് അഹമ്മദാബാദില്‍ സമനിലയാണേലും ഫൈനല്‍ ബർത്ത് ഉറപ്പിക്കാം. നാളത്തെ തോല്‍വിയും സമനിലയും ലങ്കയെ ടൂർണമെന്‍റില്‍ നിന്ന് പുറത്താക്കും.
മഹാത്ഭുതം! ഇംഗ്ലണ്ടിനെ വീണ്ടും അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍ക്ക് ടി20 പരമ്പര
