ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ നാലു കളികളിലും വലയി ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും രോഹിത് ശുഭ്മാൻ ഗില്ലിനൊപ്പം മികച്ച തുടക്കങ്ങള്‍ നല്‍കിയിരുന്നു.
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോം ഇന്ത്യക്ക് ഇപ്പോഴും ആശങ്കയാണ്. വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കുമ്പോഴും ടൂര്‍ണമെന്‍റിലിതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ നാലു മത്സരം കളിച്ച രോഹിത്തിനായിട്ടില്ല. ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും രോഹിത്തിന്‍റെ ഭാവി സംബന്ധിച്ച ചോദ്യങ്ങളുര്‍ന്നിരുന്നു. രോഹിത് എത്രകാലം കൂടി തുടരുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് ഗംഭീര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലാണ് ഇനി വരാന്‍ പോകുന്നത്. അതിന് മുമ്പ് ഞാന്‍ എന്ത് പറയാനാണ്. ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍ നോക്കുമ്പോള്‍ ഞങ്ങള്‍ കളിയില്‍ അയാളുണ്ടാക്കുന്ന ഇംപാക്ട് നോക്കുന്നു, അതാണ് വ്യത്യാസം. മാധ്യമങ്ങളും വിദഗ്ധരുമെല്ലാം കണക്കുകളും ശരാശരിയും മാത്രമെ നോക്കാറുള്ളു. എന്നാല്‍ ഒരു പരിശീലകനെന്ന നിലയിലും ടീം എന്ന നിലയിലും ഞങ്ങള്‍ കണക്കുകളും ശരാശരിയുമല്ല നോക്കുന്നത്. ക്യാപ്റ്റന്‍ തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ പിന്നാലെ വരുന്നവര്‍ക്ക് പിന്നീട് മറ്റൊന്നും നോക്കാനില്ലല്ലോയെന്നും ഗംഭീര്‍ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ നാലു കളികളിലും വലയി ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും രോഹിത് ശുഭ്മാൻ ഗില്ലിനൊപ്പം മികച്ച തുടക്കങ്ങള്‍ നല്‍കിയിരുന്നു. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച നാലു കളികളില്‍ 26 റണ്‍സ് ശരാശരിയില്‍ 104 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. 107.21 പ്രഹരശേഷിയില്‍ തകര്‍ത്തടിച്ച രോഹിത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ 41 റൺസാണ്. ഇന്നലെ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ 29 പന്തില്‍ 28 റണ്‍സടിച്ച രോഹിത് പവര്‍ പ്ലേയില്‍ തന്നെ പുറത്തായിരുന്നു.
