വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തി ലോകകപ്പില്‍ ഹാര്‍ദ്ദിക് ബാറ്റു കൊണ്ടും ബോളുകൊണ്ടും ഇന്ത്യയുടെ യഥാര്‍ത്ഥ ഓള്‍ റൗണ്ടറായി.

ബാര്‍ബഡോസ്: ടി20 ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യൻ ക്രിക്കറ്റിൽ വില്ലൻ പ്രതിച്ഛയയിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യക്ക്. ഐപിഎല്ലില്‍ രോഹിത് ശര്‍മക്ക് പകരം മുംബൈ ഇന്ത്യൻസ് നായകനായി തിരിച്ചെത്തിയ ഹാര്‍ദ്ദിക്കിനെ മുംബൈ ആരാധകര്‍ കൂവലോടെയാണ് സ്വീകരിച്ചത്. പല മത്സരങ്ങളിലും ഹാര്‍ദ്ദിക് ടോസിന് ഇറങ്ങുമ്പോള്‍ ആരാധകരുടെ കൂവല്‍ കാരണം കമന്‍റേറ്റര്‍മാര്‍പോലും ഇതൊന്ന് അവസാനിപ്പിക്കു എന്ന് ഉറക്കെ വിളിച്ചു പറയേണ്ടിവന്നു.

അന്ന് എല്ലാം ഒരു ചെറു ചിരിയോടെയായിരുന്നു ഹാര്‍ദ്ദിക് നേരിട്ടത്. ഹാര്‍ദ്ദിക്കിനെ കൂവിയ ആരാധകരെ തടയാന്‍ രോഹിത് അടക്കമുള്ള മുംബൈ താരങ്ങളാരും പരസ്യമായി രംഗത്തെത്തിയതുമില്ല. ഇതോടെ ഇന്ത്യൻ ആരാധകരുടെ മനസിലും ഹാര്‍ദ്ദിക്കിന് വില്ലൻ പ്രതിച്ഛായായി. ഐപിഎല്ലില്‍ മുംബൈക്കായി മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന, ഇന്ത്യക്കായി കളിക്കുമ്പോള്‍ എപ്പോഴും പരിക്ക് പറ്റുന്ന,അഹങ്കാരിയായ ഹാര്‍ദ്ദിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെപ്പോലും പലരും വിമര്‍ശിച്ചു. അപ്പോഴെല്ലാം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഹാര്‍ദ്ദിക്കിനെ പിന്തുണച്ചു.

ഓപ്പണറായി രോഹിത്, ക്യാപ്റ്റനായി സര്‍പ്രൈസ് താരം; ലോകകപ്പ് ഇലവനെ തെര‍ഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തി ലോകകപ്പില്‍ ഹാര്‍ദ്ദിക് ബാറ്റു കൊണ്ടും ബോളുകൊണ്ടും ഇന്ത്യയുടെ യഥാര്‍ത്ഥ ഓള്‍ റൗണ്ടറായി. ഒടുവില്‍ ഫൈനലില്‍ ആദ്യ ഓവറില്‍ തന്നെ 10 റണ്‍സ് വഴങ്ങിയപ്പോള്‍ കടിച്ചു കീറാന്‍ ഒരുങ്ങി നിന്ന വിമര്‍ശകരെ നിശബ്ദരാക്കി പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ ഹെന്‍റിച്ച് ക്ലാസന്‍റെ വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതി തിരിച്ചു. പിന്നീട് അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന്‍റെ അത്ഭുത ക്യാച്ചില്‍ ഡേവിഡ് മില്ലറെ പുറത്താക്കി. കാഗിസോ റബാഡയെ കൂടി പുറത്താക്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

Scroll to load tweet…

ഒടുവില്‍ ഇന്ത്യ കാത്ത് കാത്തിരുന്ന ഐസിസി കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഹാര്‍ദ്ദിക്കിന്‍റെ കണ്ണീര്‍ തോര്‍ന്നിരുന്നില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങിക്കരഞ്ഞ ഹാര്‍ദ്ദിക് ഒടുവില്‍ ക്യാമറക്ക് മുമ്പിലെത്തി പറഞ്ഞു, കഴിഞ്ഞ ആറ് മാസം ഞാന്‍ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ഒരക്ഷരം ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. കാരണം എനിക്കറിയാമായിരുന്നു കഠിനാധ്വാനം ചെയ്താല്‍ എനിക്ക് തിളങ്ങാനാകുമെന്ന്. ഈ വിജയം എനിക്ക് വളരെ വളരെ വലുതാണ്. അത് ശരിയായ സമയത്താണ് സംഭവിച്ചത്. രാജ്യം മുഴുവന്‍ ആഗ്രഹിച്ച കിരീടമായിരുന്നു അത്. ക്യാമറക്ക് മുമ്പില്‍ നിന്ന് കണ്ണീരടക്കാനാവാതെ ഹാര്‍ദ്ദിക് ഇത് പറയുമ്പോള്‍ നായകന്‍ രോഹിത് ശര്‍മ അടുത്തെത്തി നല്‍കിയ സ്നേഹ ചുംബനം തന്നെയാണ് ഹാര്‍ദ്ദിക്കിന് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരവും.

Scroll to load tweet…