മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ നായകസ്ഥാനത്തെത്തിയത് സൗരവ് ഗാംഗുലിയായിരുന്നു. വാതുവെപ്പ് വിവാദത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചാണ് ഗാംഗുലി നായക സ്ഥാനത്തു നിന്ന് പടിയറങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായും ഗാംഗുലി മാറി.

എന്നാല്‍ സച്ചിന്‍ നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ നായകനാവാന്‍ ആദ്യം പരിഗണിച്ചത് ഗാംഗുലിയെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ തലവനും അക്കാലത്തെ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന അശോക് മല്‍ഹോത്ര. സച്ചിന്‍ നായകനായിരുന്നപ്പോള്‍ ഗാംഗുലിയെ ആദ്യമായി വൈസ് ക്യാപ്റ്റനാക്കാന്‍ തിരുമാനിച്ചപ്പോള്‍ തന്നെ നിരവധി എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിശീലകന്‍ പറഞ്ഞത്, അയാള്‍ ഒരുപാട് കൊക്കൊ കോള കുടിക്കുന്നയാളാണ്, സിംഗിള്‍സ് മാത്രമെ എടുക്കു ഡബിള്‍സ് എടുക്കില്ല തുടങ്ങിയ മടന്തന്‍ ന്യായങ്ങളായിരുന്നു.


പിന്നീട് ചൂടേറിയ ചര്‍ച്ചക്കൊടുവില്‍ 3-2ന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ആ സമയം അപ്രതീക്ഷിതമായി ബിസിസിഐ പ്രസിഡന്റ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിലേക്ക് കയറിവന്നു. ബിസിസിഐയുടെ ചരിത്രത്തിലൊരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. പ്രസിഡന്റിന്റെ പേര് ഞാനിവിടെ പറയുന്നില്ല. അദ്ദേഹവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ഞങ്ങളോട് പറഞ്ഞു, ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം ഒന്നുകൂടി പനരാലോചിക്കണമെന്ന്.

എന്നാല്‍ ഞങ്ങളില്‍ രണ്ടു പേര്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ മൂന്നാമത്തെ അംഗം പറഞ്ഞത് ബിസിസിഐ പ്രസിഡന്റ് തന്നെ പറഞ്ഞ സ്ഥിതിക്ക് അദ്ദേഹം പ്രസിഡന്റിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന്. അങ്ങനെ ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കാതെ യോഗം പിരിഞ്ഞു. പക്ഷെ പിന്നീട് അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കേണ്ടിവന്നു.


പക്ഷെ ഗാംഗുലി പിന്നീട് ഇന്ത്യയുടെ നായകനാവുമെന്ന് ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കാരണം സച്ചിനായിരുന്നു അന്ന് നായകന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റി ഒരിക്കലും ഗാംഗുലിയെ നായകനാക്കാന്‍ സാധ്യതയില്ലായിരുന്നു. പക്ഷെ പെട്ടെന്ന് സച്ചിന്‍ നായകസ്ഥാനം രാജിവെച്ചതോടെ ഗാംഗുലിയെ നായകനാക്കണമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ എനിക്ക് അടക്കം അത്യധ്വാനം ചെയ്യേണ്ടിവന്നു. കാരണം അനില്‍ കുംബ്ലെ, അജയ് ജഡേജ എന്നിവരായിരുന്നു നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍നിരയിലുണ്ടായിരുന്നത്. പിന്നീട് ഗാംഗുലിയുടെ നേതൃത്വത്തിലാണ് 16 ടെസ്റ്റ് വിജയങ്ങളുടെ പകിട്ടുമായി എത്തിയ ഓസ്ട്രേലിയയെ 2-1ന് കീഴടക്കി ഇന്ത്യ പരമ്പര നേടിയത്.