എനിക്ക് ഐപിഎല്‍ ടീമില്‍ അവസരം നേടിത്തരാമെന്ന് കേരള ടീമില്‍ സഹതാരമായിരുന്ന ശ്രീശാന്ത് പറഞ്ഞിരുന്നു. അങ്ങനെ 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിലെത്തിയെങ്കിലും എനിക്ക് പ്ലേയിംഗ് ഇലവനില്‍ ഒരുതവണ പോലും  അവസരം ലഭിച്ചില്ല.

ജയ്പൂര്‍: തന്‍റെ കരിയര്‍ മാറ്റിമറിച്ചത് മുന്‍ ഇന്ത്യൻ താരമായിരുന്ന എസ് ശ്രീശാന്ത് രാഹുല്‍ ദ്രാവിഡിനോട് പറഞ്ഞ വലിയൊരു നുണയാണെന്ന് തുറന്നുപറഞ്ഞ് ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. കരിയറിന്‍റെ തുടക്കം മുതല്‍ ഐപിഎല്‍ ടീമിലെത്താന്‍ പരിശ്രമിച്ചെങ്കിലും 2012ലാണ് ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിയത്. എന്നാല്‍ ആ വര്‍ഷം കിരീടം നേടിയ കൊല്‍ക്കത്ത ടീമില്‍ ഒരു തവണ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. സീസണൊടുവില്‍ കൊല്‍ക്കത്ത സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു.

ഈ സമയത്താണ് ശ്രീശാന്ത് തന്‍റെ കരിയർ തന്നെ മാറ്റിമറിച്ചൊരു നുണ പറഞ്ഞതെന്ന് സഞ്ജു ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ടി20 ലോകകപ്പ് ടീമില്‍ സഞ്ജു എത്തിയതിന് പിന്നാലെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്.

വീഡിയോയില്‍ സഞ്ജു പറയുന്നത്.

എനിക്ക് ഐപിഎല്‍ ടീമില്‍ അവസരം നേടിത്തരാമെന്ന് കേരള ടീമില്‍ സഹതാരമായിരുന്ന ശ്രീശാന്ത് പറഞ്ഞിരുന്നു. അങ്ങനെ 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിലെത്തിയെങ്കിലും എനിക്ക് പ്ലേയിംഗ് ഇലവനില്‍ ഒരുതവണ പോലും അവസരം ലഭിച്ചില്ല. ആ സമയത്താണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരത്തിനായി എത്തിയപ്പോള്‍ ഹോട്ടല്‍ ലോബിയില്‍ വെച്ച് ഞാന്‍ രാജസ്ഥാന്‍ താരമായിരുന്ന ശ്രീശാന്ത് ഭായിയെ കണ്ടത്. ഞങ്ങള്‍ സംസാരിച്ചുകൊണ്ട് നില്‍ക്കെ രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ് സാര്‍ ആ വഴി വന്നു. ശ്രീശാന്ത് ഭായി ദ്രാവിഡിനെ സാറിനെ തടുത്ത് നിര്‍ത്തി, സാര്‍ ഇത് സഞ്ജു സാംസണ്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അന്നെനിക്ക് ദ്രാവിഡ് സാറിനെ ഒരു പരിചയവുമില്ല. ഇവന്‍ ഭയങ്കര ബാറ്ററാണ്, കേരളത്തിലെ ഒരു ടൂര്‍ണമെന്‍റില്‍ എന്‍റെ ആറ് പന്തില്‍ ആറ് സിക്സ് ഒക്കെ അടിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത് ഭായി തള്ളിമറിച്ചു. അതുകേട്ട ദ്രാവിഡ് സാര്‍ ഓഹോ അങ്ങനെയാണോ എന്നാല്‍ അവനെ അടുത്ത തവണ ട്രയലിന് കൊണ്ടുവരാന്‍ പറഞ്ഞു.

Scroll to load tweet…

ആരെങ്കിലും അദ്ദേഹത്തോട് ഒന്ന് പറഞ്ഞ് മനസിലാക്കൂ; ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ ധോണിക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

ശ്രീശാന്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം സഞ്ജുവിനെ ട്രയലിന് വിളിച്ച രാജസ്ഥാന്‍ 2013ലെ സീസണില്‍ തന്നെ മലയാളി താരത്തെ ടീമിലെടുത്തു. പിന്നീട് സഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജസ്ഥാന്‍റെ നായകന്‍ വരെയായ സഞ്ജു ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്തും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. തന്നെ ആറ് പന്തില്‍ ആറ് സിക്സ് അടിച്ച പയ്യനെന്ന നുണ ദ്രാവിഡ് കൈയോടെ പൊക്കിയെങ്കിലും അവന്‍റെ പ്രതിഭയില്‍ ദ്രാവിഡിന് മതിപ്പുണ്ടായിരുന്നതിനാല്‍ ടീമിലെടുക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ട്രയല്‍സിനായി വിളിച്ചപ്പോള്‍ നടന്ന പരിശീലന മത്സരത്തില്‍ സഞ്ജു തിളങ്ങിയില്ലെങ്കിലും അവന്‍റെ ബാറ്റിംഗ് കണ്ട ദ്രാവിഡ് അവനെ മറ്റൊരു ടീമിലേക്കും ഇനി സെലക്ഷന് വിടേണ്ടെന്നും അവനെ നമ്മള്‍ ടീമിലെടുക്കുന്നുവെന്നും പറയുകയായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക