രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും എന്ന് കരുതാം

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കായി ടീം ഇന്ത്യ സജ്ജമാവുകയാണ്. ആദ്യ ഏകദിനത്തില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മ്മ വിട്ടുനില്‍ക്കുന്നതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വാംഖഢെയിലെ മത്സരത്തില്‍ ടീം ഇന്ത്യയെ നയിക്കുക. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം ആരെ കളിപ്പിക്കും എന്നതാണ് ഇന്ത്യ-ഓസീസ് ആദ്യ ഏകദിനത്തിന് മുമ്പ് ഉയരുന്ന പ്രധാന ചോദ്യം. 

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും എന്ന് കരുതാം. ടെസ്റ്റ് പരമ്പരയില്‍ പുറത്തിരിക്കേണ്ടി വന്ന കിഷന് വിക്കറ്റ് കീപ്പര്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇതോടെ സുവര്‍ണാവസരമാണ് തെളിയുക. മൂന്നാം നമ്പറില്‍ ഫോമിലുള്ള വിരാട് കോലി എത്തുമ്പോള്‍ നാലാമനായി ശ്രേയസ് അയ്യര്‍ക്ക് പകരമാരെത്തും എന്നതാണ് ഒരു പ്രധാന ചോദ്യം. ട്വന്‍റി 20യിലെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും പ്ലേയിംഗ് ഇലവനില്‍ ശ്രേയസിന് പകരക്കാരന്‍. വിമര്‍ശനങ്ങള്‍ക്കിടയിലും കെ എല്‍ രാഹുലില്‍ ടീം വിശ്വാസം അര്‍പ്പിച്ചേക്കും. 

നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ കൂടി കളിപ്പിക്കണോ എന്ന ചോദ്യം അവശേഷിക്കുന്നു. ബാറ്റിംഗ് കൂടുതല്‍ കരുത്താക്കണം എന്ന് ടീം തീരുമാനിച്ചാല്‍ സുന്ദര്‍ പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത. അല്ലെങ്കില്‍ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് നറുക്കുവീഴും. മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജ് തന്നെയാവും പ്രധാന പേസര്‍. ഇരുവരുടേയും സ്‌പെല്ലുകള്‍ നിര്‍ണായകമാകും. സ്‌‌പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ആരെ കളിപ്പിക്കണം എന്ന ചോദ്യവും ടീം ഇന്ത്യക്ക് മുന്നില്‍ സജീവമാണ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്. 

'മൈ ക്രിക്കറ്റ് സ്റ്റോറീസ്, 22 വാരയിലെ ചരിത്രത്തിലൂടെ'; ആരാധക‍ര്‍ വായിച്ചിരിക്കേണ്ട പുസ്‌തകം