തിരുവനന്തപുരം: ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി20ക്കായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിറയുകയാണ്. രാവിലെ മുതല്‍ നഗരത്തിലെത്തിയ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. മലയാളി ആരാധകര്‍ കാത്തിരിക്കുന്ന മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ സമയം മാത്രമാണ് ബാക്കി. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് കാണാന്‍ കഴിയാത്തവര്‍ സങ്കടപ്പെടേണ്ട. ടെലിവിഷനിലും ഓണ്‍ലൈനിലും മത്സരം നേരില്‍ കാണാന്‍ വിപുലമായ സൗകര്യങ്ങളുണ്ട്. രാത്രി ഏഴ് മണി മുതല്‍ സ്റ്റാര്‍ സ്‌പോര്‍‌ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി എന്നീ ചാനലുകളാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഹോട്ട്‌സ്റ്റാര്‍ വഴി ഓണ്‍ലൈനിലും മത്സരം കാണാം.

ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര സ്വന്തമാക്കാം. 94 റണ്‍സെടുത്ത വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും മികവിലായിരുന്നു ഹൈദരാബാദിലെ ഇന്ത്യന്‍ ജയം. കാര്യവട്ടത്ത് മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.