ആന്‍റിഗ്വ: ബൗളര്‍മാരെ സഹായിക്കുന്ന പിച്ചുള്ള കാലത്ത് ഇതിഹാസ താരങ്ങളുടെ തീപാറും പേസിനെ ഹെൽമറ്റ് ധരിക്കാതെ വിവിയന്‍ റിച്ചാര്‍ഡ്സ് നേരിട്ടതെങ്ങനെ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തി വിന്‍ഡീസ് ഇതിഹാസം.

തനിക്ക് ഇണങ്ങാത്തതിനാലാണ് ഹെല്‍മറ്റ് ഒഴിവാക്കിയത് എന്നായിരുന്നു റിച്ചാര്‍ഡ്‌സിന്‍റെ മറുപടി. ബൗണ്‍സറേറ്റ് പരുക്കേറ്റാലും കൂസലില്ലാതെ കളിക്കാനാവുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു എന്നും കോലിയോട് ഇതിഹാസ താരം വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷയെ കരുതി നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്ന കാലത്താണ് റിച്ചാര്‍ഡ്‌സിന്‍റെ വെളിപ്പെടുത്തലുകള്‍. ച്യൂയിംഗം ചവച്ച് ക്രീസിലേക്ക് നടന്ന് ഭയരഹിതമായി ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു റിച്ചാര്‍ഡ്‌സ്.  

ബൗളര്‍മാരെ കൂസലില്ലാതെ നേരിടാന്‍ തനിക്കുണ്ടായിരുന്ന അഭിനിവേശം കോലിയിലും കാണാറുണ്ടെന്നും വിവ് റിച്ചാര്‍ഡ്‌സ് പറയുന്നു. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്‌മാന്‍ ആയ റിച്ചാര്‍ഡ്സ് 15,000ലധികം റൺസും 35 സെഞ്ചുറിയും നേടിയിട്ടുണ്ട്.