2022ലെ ഐപിഎല്ലില്‍ ഒരു കോടി രൂപക്ക് ചെന്നൈ ടീമിലെത്തിയ കോണ്‍വെ കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ 672 റണ്‍സ് അടിച്ചുകൂട്ടി ടീമിന്‍റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടിയായി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ കോണ്‍വെക്ക് ശസ്ത്രക്രിയ വേണ്ടിവരും. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് എട്ടാഴ്ചയെങ്കിലും കോണ്‍വെക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐപിഎല്ലില്‍ ആദ്യഘട്ട മത്സരങ്ങളില്‍ കോണ്‍വെക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായി. മെയ് മാസത്തോടെ മാത്രമെ കോണ്‍വെക്ക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താനാവു എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലില്‍ അടക്കം ചെന്നൈക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് കോണ്‍വെ. സമീപകാലത്തായി മികച്ച ഫോമിലായിരുന്നില്ലെങ്കിലും ചെന്നൈ കുപ്പായത്തില‍െത്തിയാല്‍ കോണ്‍വെ ഫോമിലാവുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ഐപിഎല്ലില്‍ മാര്‍ച്ച് 22ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരം.

കോലിയും രോഹിത്തും ഗില്ലും ഒന്നുമല്ല; ഐപിഎല്ലിലെ റൺവേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് ചാഹൽ

2022ലെ ഐപിഎല്ലില്‍ ഒരു കോടി രൂപക്ക് ചെന്നൈ ടീമിലെത്തിയ കോണ്‍വെ കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ 672 റണ്‍സ് അടിച്ചുകൂട്ടി ടീമിന്‍റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ ഐപിഎല്ലില്‍ അഞ്ചാം കിരീടം നേടിയപ്പോള്‍ ഫൈനലിലെ താരമായിരുന്നു കോണ്‍വെ. 25 പന്തില്‍ 47 റണ്‍സാണ് ഫൈനലില്‍ കോണ്‍വെ അടിച്ചെടുത്തത്.

കോണ്‍വെയുടെ പകരക്കാരനെ ചെന്നൈ പ്രഖ്യപിക്കില്ലെന്നാണ് സൂചന. അതേസമയം കോണ്‍വെയുടെ അഭാവത്തില്‍ മറ്റൊരു ന്യൂസിലന്‍ഡ് താരമായ രചിന്‍ രവീന്ദ്രയാകും റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ചെന്നൈക്കായി ഓപ്പണറായി എത്തുക എന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പില്‍ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിനായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഐപിഎല്‍ താരലേലത്തില് 1.80 കോടി രൂപക്കാണ് ചെന്നൈ രചിന്‍ രവീന്ദ്രയെ ടീമിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക