രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ജാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 587 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് സിങ്, ആദിത്യ സിങ്, ശിഖർ മോഹൻ എന്നിവരുടെ സെഞ്ച്വറികളാണ് ജാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസെടുത്തിട്ടുണ്ട്.

ജംഷഡ്പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡിന്റെ ആദ്യ ഇന്നിങ്‌സ് 587ല്‍ അവസാനിച്ചു. ക്യാപ്റ്റന്‍ വിരാട് സിങ്ങിന്റെയും ശിഖര്‍ മോഹന്റെയും ആദിത്യ സിങ്ങിന്റെയും സെഞ്ച്വറികളാണ് ജാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനെത്തിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മല്‍ (15), അഭിഷേക് നായര്‍ (21) എന്നിവര്‍ ക്രീസിലുണ്ട്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ജാര്‍ഖണ്ഡ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. കരുതലോടെ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയ ക്യാപ്റ്റന്‍ വിരാട് സിങ്ങും ആദിത്യ സിങ്ങും ചേര്‍ന്ന് 80 റണ്‍സ് മാത്രമാണ് ആദ്യ സെഷനില്‍ കൂട്ടിച്ചേര്‍ത്തത്. കേരള ക്യാപ്റ്റന്‍ വിഷ്ണു വിനോദ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചായയ്ക്ക് പിരിയും മുന്‍പ് ആദിത്യയും മൂന്നാം സെഷന്റെ തുടക്കത്തില്‍ തന്നെ വിരാട് സിങ്ങും തങ്ങളുടെ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി.

സ്‌കോര്‍ 506ല്‍ നില്‍ക്കെ വിരാട് സിങ്ങിനെ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 263 പന്തുകളില്‍ ഒന്‍പത് ബൗണ്ടറികളടക്കം 108 റണ്‍സാണ് വിരാട് നേടിയത്. ഈ ക്യാച്ചോടെ സച്ചിന്‍ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നൂറ് ക്യാച്ചുകളെന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കി. വൈകാതെ ആദിത്യ സര്‍വാടെയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ആദിത്യ സിങ്ങും മടങ്ങി. 279 പന്തുകളില്‍ 17 ബൗണ്ടറികളടക്കം 147 റണ്‍സാണ് ആദിത്യ നേടിയത്. തുടര്‍ന്നെത്തിയ സാഹില്‍ രാജ് 19 ഉം, മനീഷി 20 ഉം, സുശാന്ത് മിത്ര 18 ഉം റണ്‍സെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ അഞ്ചും ജലജ് സക്‌സേന മൂന്നും ആദിത്യ സര്‍വാടെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

YouTube video player