അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ യഷ്ടിക ഭാട്ടിയ (15) പുറത്തായി.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരെ മുബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. 77 റണ്‍സ് വീതം നേടിയ ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍ എന്നിവരാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഗുജറാത്തിന് വേണ്ടി ഡാനിയേല ഗിബ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ന് ജയിക്കുന്നവര്‍ ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. 

അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ യഷ്ടിക ഭാട്ടിയ (15) പുറത്തായി. ഗിബ്‌സണിന്റെ പന്തില്‍ ഭാര്‍ട്ടി ഫുല്‍മാനിക്ക് ക്യാച്ച്. പിന്നീടാണ് മുംബൈ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഹെയ്‌ലി - നതാലി സഖ്യം മൂന്നാം വിക്കറ്റില്‍ 133 റണ്‍സ് കൂട്ടിചേര്‍ത്തു. 17-ാം ഓവറിലാണ് ഗുജറാത്തിന് കൂട്ടുകെട്ട് പൊളിക്കാനായത്. ഹെയ്‌ലിയെ കഷ്‌വീ ഗൗതം മടക്കിയച്ചു. ബേത് മൂണിക്കായിരുന്നു ക്യാച്ച്. 50 പന്തുകള്‍ നേരിട്ട ഹെയ്‌ലി 10 ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും സഹായത്തോടെയാണ് 77 റണ്‍സ് അടിച്ചെടുത്തത്. 

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (12 പന്തില്‍ 36) നിര്‍ണായക പ്രകടനം പുറത്തെടുത്തു. നതാലിക്കൊപ്പം 39 റണ്‍സാണ് ഹര്‍മന്‍ കൂട്ടിചേര്‍ത്തത്. 19-ാം ഓവറിന്റെ അവസാന പന്തില്‍ നതാലി മടങ്ങി. 41 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും 10 ഫോറും നേടി. അവസാന പന്തില്‍ ഹര്‍മന്‍ റണ്ണൗട്ടായി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍മന്റെ ഇന്നിംഗ്‌സ്. മലയാളി താരം സജന സജീവന്‍ (0) പുറത്താവാതെ നിന്നു.