ഹൈദരാബാദ്: കൊവിഡ്- വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതിനായി വിട്ടുനല്‍കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെലങ്കനാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചു. അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി സെക്രട്ടറി ആര്‍ വിജയാനന്ദാണ് കത്ത് നല്‍കിയത്.

40 വലിയ റൂമുകള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡിന് ഉചിതമായ സ്ഥലമാണ്. വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. വരും ദിവസങ്ങളില്‍ കൊവിഡ്- നിരീക്ഷണത്തിലാക്കേണ്ടവരുടെ സാഹചര്യം പരിശോധിച്ച് സ്റ്റേഡിയം ഏറ്റെടുക്കുന്നതിന് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. 

ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയവും താല്‍ക്കാലിക ആശുപത്രിക്കായി തുറന്നുകൊടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും താരങ്ങളുടെ ഡോര്‍മറ്ററിയും താല്‍ക്കാലിക ആശുപത്രിയായി മാറ്റാമെന്നും ഗാംഗുലി പറഞ്ഞു.