ഹൈദരാബാദ്: വിമര്‍ശനങ്ങള്‍ക്കിടെ ഹൈദരാബാദിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഒന്‍പത് പന്തില്‍ ഋഷഭ് 18 റൺസ് നേടി താരം. പിയറിനെതിരെ നേരിട്ട ആദ്യ പന്തില്‍ സിക്സറോടെ തുടങ്ങിയ പന്ത് വില്ല്യംസിനെയും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കാണികളെ ത്രസിപ്പിച്ചു.

കോട്രല്‍ ആണ് പന്തിനെ പുറത്താക്കിയത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും പന്തിന്‍റെ പേരിലാണ്. വിക്കറ്റിന് പിന്നിലും താരതമ്യേന ഭേദപ്പെട്ട പ്രകടനമായിരുന്നു പന്തിന്‍റേത്. പന്തിനെ ശക്തമായി പിന്തുണയ്‌ക്കുന്ന നായകന്‍ വിരാട് കോലിക്ക് ആശ്വാസമാകുന്ന പ്രകടനമായിരുന്നു താരത്തിന്‍റേത്.

എങ്കിലും ഈ പ്രകടനമൊന്നും പോരാ പന്തില്‍ നിന്ന് എന്ന പ്രതീതിയിലായിരുന്നു മത്സരശേഷം ആരാധകര്‍. പന്ത് ലോങ് ഇന്നിംഗ്‌സ് കളിച്ചില്ല എന്നതാണ് ഇതിന് ആരാധകര്‍ പറയുന്ന കാരണം.

ഹൈദരാബാദ് ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. വിന്‍ഡീസ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. വിരാട് കോലിയുടെയും(50 പന്തില്‍ 94*), കെ എല്‍ രാഹുലിന്‍റെയും(40 പന്തില്‍ 62) വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദില്‍ ഇന്ത്യക്ക് വിജയത്തുടക്കം നല്‍കിയത്. രോഹിത് ശര്‍മ്മ(8), ഋഷഭ് പന്ത്(18), ശ്രേയസ് അയ്യര്‍(4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍: വിന്‍ഡീസ്-207-5 (20), ഇന്ത്യ-209-4 (18.4). 

ചൊടിപ്പിച്ച ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് കോലി മത്സരം ഇന്ത്യയുടേതാക്കി മാറ്റിയത്. പൊള്ളാര്‍ഡ്, വില്യംസ് തുടങ്ങിയവരെല്ലാം കോലിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആറ് വീതം സിക്‌സും ബൗണ്ടറിയും കോലിയുടെ ബാറ്റില്‍ നിന്ന് മിന്നല്‍ പോലെ പറന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഷിമ്രോന്‍ ഹെറ്റ്‌മേയര്‍(41 പന്തില്‍ 56), എവിന്‍ ലൂയിസ്(17 പന്തില്‍ 40), കീറോണ്‍ പൊള്ളാര്‍ഡ്(19 പന്തില്‍ 37), , ജാസന്‍ ഹോള്‍ഡര്‍(9 പന്തില്‍ 24) എന്നിവരുടെ ബാറ്റിംഗിലാണ് 207 റണ്‍സെടുത്തത്.