ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പ വിജയത്തിൽ ഏറ്റവും നിർണായകമായത് ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനമായിരുന്നു. കരുത്തരായ ഓസ്ട്രേലിയൻ സംഘത്തെ വലിയ മത്സരപരിചയമൊന്നുമില്ലാത്ത യുവനിരയുമായാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. യുവതാരങ്ങൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്തിയപ്പോൾ ഇന്ത്യയുടെ ജൂനിയർ ടീം പരിശീലകനായ രാഹുൽ ദ്രാവിഡിനെയും എല്ലാവരും പ്രശംസിച്ചു.

യുവതാരങ്ങളെല്ലാം ദ്രാവിഡിന്റെ ശിക്ഷണത്തിലൂടെ വന്നവരായിരുന്നു. എന്നാൽ ഈ പ്രശംസ ആനാവശ്യമാണെന്ന് ദ്രാവിഡ് പറയുന്നു. താരങ്ങളാണ് അവസരത്തിനൊത്ത് ഉയന്ന് മികച്ച പ്രകടനം നടത്തിയത്. തനിക്ക് ലഭിക്കുന്നത് അനാവശ്യ പ്രശംസയാണെന്നും കളിക്കാരാണ് പ്രശംസയ്ക്ക് അർഹരെന്നും ദ്രാവിഡ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ദ്രാവിഡ് അണ്ടര്‍ 19 ടീമിന്‍റെ പരിശീലകനായിരുന്നപ്പോള്‍ ടീമില്‍ കളിച്ചവരാണ് ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും റിഷഭ് പന്തുമെല്ലാം. ദ്രാവിഡ് പരിശീലിപ്പിച്ച എ ടിമീല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് സിറാജും എല്ലാം ഭാഗമായിരുന്നു. ദ്രാവിഡിന്‍റെ ഉപദേശം ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് വലിയ കരുത്താണെന്ന് മുന്‍ സെലക്ടര്‍ ജതിന്‍ പരഞ്ജ്പെ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായി നാണംകെട്ടശേഷമാണ് ഇന്ത്യ 2-1ന് പരമ്പര ജയിച്ചത്.