ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എബിഡി കൂടുതല്‍ കാലം റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ കുപ്പായത്തിലാണ് കളിച്ചത്

ജൊഹന്നസ്‌ബര്‍ഗ്: ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താൻ എന്നും ആർസീബിയൻ(RCBian) ആയിരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്(AB de Villiers). കളിക്കാരൻ എന്ന നിലയിൽ ആ‌ർസിബിക്കൊപ്പം(Royal Challengers Bangalore) കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു റോളിൽ ടീമിന്‍റെ കിരീട നേട്ടത്തിൽ പങ്കാളിയാവുമെന്നാണ് കരുതുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഐപിഎല്ലിലെ സൂപ്പര്‍ ഹീറോ

ഐപിഎല്‍ ഉള്‍പ്പടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 37 വയസുകാരനായ എബിഡി ഇന്നലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി എബിഡി വിലയിരുത്തപ്പെടുന്നു. 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിന്‍റെ(ആര്‍സിബി) താരമായിരുന്ന ഡിവില്ലിയേഴ്‌സ് 10 സീസണുകളിലായി അഞ്ച് പ്ലേ ഓഫുകള്‍ ടീമിനൊപ്പം കളിച്ചു. ബംഗ്ലൂരിനായി 156 മത്സരങ്ങളില്‍ 4491 റണ്‍സാണ് സമ്പാദ്യം. വിരാട് കോലിക്ക് പിന്നില്‍ ആര്‍സിബിയുടെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനുമാണ്.

ആര്‍സിബിക്ക് മുമ്പ് ഡല്‍ഹി ഡെയര്‍ഡിവിള്‍സിലാണ് താരം കളിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ആറാമത്തെ റണ്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും എ ബി ഡിവില്ലിയേഴ്‌സിന്‍റെ പേരിലുണ്ട്. ഐപിഎല്‍ കരിയറിലാകെ 184 മത്സരങ്ങളില്‍ 5162 റണ്‍സ് പേരിലെഴുതി. മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ പുറത്താകാതെ നേടിയ 133* ആണ് ഉയര്‍ന്ന സ്‌കോര്‍. 

ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലും സൂപ്പര്‍

ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റും 228 ഏകദിനവും 78 രാജ്യാന്തര ടി20കളും 'മിസ്റ്റര്‍ 360' കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 50.66 ശരാശരിയില്‍ 8765 റണ്‍സും ഏകദിനത്തില്‍ 53.5 ശരാശരിയില്‍ 9577 രാജ്യാന്തര ടി20യില്‍ 26.12 ശരാശരിയില്‍ 1672 റണ്‍സും അടിച്ചുകൂട്ടി. ഇതിനൊപ്പം വിക്കറ്റ് കീപ്പറായും തകര്‍പ്പന്‍ ഫീല്‍ഡറായും സമ്പൂര്‍ണ ക്രിക്കറ്റര്‍ എന്ന് പേരെടുത്താണ് എബിഡി 17 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ടത്. 

AB de Villiers Retires | എബിഡി യുഗത്തിന് വിരാമം; ഐപിഎല്ലില്‍ നിന്നടക്കം വിരമിച്ച് എ ബി ഡിവില്ലിയേഴ്‌സ്