Asianet News MalayalamAsianet News Malayalam

AB de Villiers Retires | എബിഡി യുഗത്തിന് വിരാമം; ഐപിഎല്ലില്‍ നിന്നടക്കം വിരമിച്ച് എ ബി ഡിവില്ലിയേഴ്‌സ്

ഐപിഎല്‍ ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും എ ബി ഡിവില്ലിയേഴ്‌സ് പടിയിറക്കം പൂര്‍ത്തിയാക്കുകയാണ്

AB de Villiers announces retirement from all forms of cricket including IPL
Author
Johannesburg, First Published Nov 19, 2021, 1:09 PM IST

ജൊഹന്നസ്‌ബര്‍ഗ്: ഐപിഎല്‍(IPL) ഉള്‍പ്പടെ ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്(AB de Villiers). ട്വിറ്ററിലൂടെയാണ് മിസ്റ്റര്‍ 360യുടെ(Mr. 360) പ്രഖ്യാപനം. 'അവിസ്‌മരണീയമായ യാത്രയായിരുന്നു ഇത്, എന്നാല്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്' എന്നാണ് 37കാരനായ എബിഡിയുടെ(ABD) വാക്കുകള്‍. 

ഇതോടെ ഐപിഎല്‍ ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും എ ബി ഡിവില്ലിയേഴ്‌സിന്‍റെ പടിയിറക്കം പൂര്‍ത്തിയായി. ഐപിഎല്ലില്‍ 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിന്‍റെ താരമായിരുന്നു. 10 സീസണുകളിലായി അഞ്ച് പ്ലേ ഓഫുകള്‍ ടീമിനൊപ്പം കളിച്ചു. ബംഗ്ലൂരിനായി 156 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 4491 റണ്‍സ് അടിച്ചുകൂട്ടി. വിരാട് കോലിക്ക് പിന്നില്‍ ആര്‍സിബിയുടെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ്.

ആര്‍സിബിക്ക് മുമ്പ് ഡല്‍ഹി ഡെയര്‍ഡിവിള്‍സിലാണ് താരം കളിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ആറാമത്തെ റണ്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും എബിഡിക്ക് സ്വന്തം. ഐപിഎല്‍ കരിയറിലാകെ 184 മത്സരങ്ങളില്‍ 5162 റണ്‍സ് പേരിലെഴുതി. മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ പുറത്താകാതെ നേടിയ 133* ആണ് ഉയര്‍ന്ന സ്‌കോര്‍. കരിയറില്‍ നല്‍കിയ പിന്തുണയ്‌ക്ക് ആര്‍സിബി മാനേജ്‌മെന്‍റിനും വിരാട് കോലിക്കും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ആരാധകര്‍ക്കും എബിഡി നന്ദിയറിയിച്ചു. 

ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റും 228 ഏകദിനവും 78 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 50.66 ശരാശരിയില്‍ 8765 റണ്‍സും ഏകദിനത്തില്‍ 53.5 ശരാശരിയില്‍ 9577 രാജ്യാന്തര ടി20യില്‍ 26.12 ശരാശരിയില്‍ 1672 റണ്‍സും സ്വന്തമാക്കി. 17 വര്‍ഷം നീണ്ട കരിയറിലുടനീളം പിന്തുണയേകിയ സഹതാരങ്ങള്‍ക്കു പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി പറയാന്‍ എബിഡി മറന്നില്ല. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അടക്കം കളിച്ചയിടങ്ങളിലെല്ലാം വലിയ പിന്തുണ ലഭിച്ചു എന്ന് സൂപ്പര്‍താരം വ്യക്തമാക്കി. 

IND vs NZ | റാഞ്ചി ടി20: സാക്ഷാല്‍ കിംഗ് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍

Follow Us:
Download App:
  • android
  • ios